ജിദ്ദ: ഭീകരത നിറഞ്ഞ ഹൂതികളുടെ എല്ലാ പ്രവൃത്തികളോടും ശക്തമായി പ്രതികരിക്കുമെന്ന് സൗദി അറേബ്യ. യമനിലെ വിമത സായുധസംഘമായ ഹൂതികൾ അയൽ രാജ്യങ്ങളിലെ നിരപരാധികളായ ജനങ്ങളെയും അവരുടെ വസ്തുക്കളെയും രാജ്യങ്ങളിലെ സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണ്. കൂടാതെ തദ്ദേശീയവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നു. ഹൂതികളുടെ നിരവധി ഭീകരാക്രമണങ്ങൾക്ക് രാജ്യം വിധേയമായിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് ബോധപൂർവവും സുസംഘടിതവുമായ രീതിയിൽ നിരവധി ആക്രമണ ശ്രമങ്ങൾ ഹൂതി ഭീകരരിൽ നിന്നുണ്ടായി. എന്നാൽ ലക്ഷ്യം തൊടുന്നതിന് മുമ്പ് തന്നെ അവയെ നേരിടുന്നതിൽ സഖ്യസേന ഓരോ തവണയും വിജയം വരിച്ചു. രണ്ട് സാമ്പത്തിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് യു.എ.ഇക്ക് നേരെ നടന്ന ആക്രമണം ഹീനവും ശത്രുതാപരവുമാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം സാധാരണക്കാരായ നിരപരാധികളുടെ മരണത്തിനും നിരവധിയാളുകൾക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കി. ഇറാൻ പിന്തുണയുള്ള ഹൂതി എന്ന ഭീകര സംഘടനയാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിച്ചതാണ്. സൗദിക്കും യു.എ.ഇക്കും നേരെയുള്ള എല്ലാ ആക്രമണാത്മക സമീപനങ്ങളെയും തള്ളിക്കക്കുകയും ഭീകരാക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യമനിൽ നാശം വിതയ്ക്കുകയും അവിടുത്തെ സാധാരണക്കാരും നിരപരാധികളുമായ ജനതയെ കൊല്ലുകയും ചെയ്ത തിന്മയുടെയും ഭീകരതയുടെയും ശക്തികളാണ് ഹൂതികൾ. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യമനിലെ എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് എത്താൻ നിരവധി രാഷ്ട്രീയ പരിഹാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും, സൗദിയിലും യു.എ.ഇയിലും ഭീരുത്വം നിറഞ്ഞ ആക്രമണം നടത്താൻ ഹൂതി ശ്രമം തുടരുകയാണ്.
അന്താരാഷ്ട്ര കപ്പൽ ചാലുകൾ ലക്ഷ്യമാക്കി മാനുഷിക സഹായം തടസ്സപ്പെടുത്തുകയാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനം തുടരുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. സൗദിക്കും സഹോദര രാജ്യമായ യു.എ.ഇക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ കരുതിക്കൂട്ടി അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള ഹൂതികളുടെ ശ്രമമാണെന്ന് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു.
സുരക്ഷയുടെയും സ്ഥിരതയുടെയും അന്തരീക്ഷത്തിന് വൻ ഭീഷണിയായി ഹൂതികൾ മാറുകയാണെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. സൗദിയും സഖ്യരാജ്യങ്ങളും ചേർന്ന് അന്തർദേശീയ തലത്തിൽ തന്നെ യമനിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യമൻ പ്രതിസന്ധിക്ക് സൗദി തന്നെ മുൻകൈയെടുത്ത് കണ്ടെത്തിയ രാഷ്ട്രീയ പരിഹാരം മേശപ്പുറത്തിരിക്കുകയാണ്. അത് പ്രായോഗികമാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും തങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹൂതികളുടെ മര്‍ക്കടമുഷ്‌ടി നിറഞ്ഞ സമീപനങ്ങളെ കൈകാര്യം ചെയ്യാനും അവരുടെ ഹീന നീക്കങ്ങളെ സൗദിയുടെയും ഗൾഫ് മേഖലയുടെയും സുരക്ഷക്കായി ശക്തമായി പ്രതിരോധിക്കാനും തങ്ങൾ സദാ സന്നദ്ധമായിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.