റിയാദ്: ഈ വർഷത്തെ ബീജിങ് അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായി സൗദി അറേബ്യയുടെ പവലിയൻ. ഈ മാസം 19 മുതൽ 23 വരെ ചൈനീസ് തലസ്ഥാനത്ത് നടക്കുന്ന പുസ്തകമേളയിലെ വിശിഷ്ടാതിഥി രാജ്യമാണ് സൗദി. സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി, പൈതൃക അതോറിറ്റി, പാചക കല അതോറിറ്റി, നിക്ഷേപ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, കിങ് സൽമാൻ ഇൻറർനാഷനൽ അക്കാദമി ഫോർ ദി അറബിക് ലാംഗ്വേജ്, കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, സൗദി പബ്ലിഷിങ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ് സൗദിയുടെ പവലിയൻ ഒരുക്കുന്നതും പ്രാതിനിധ്യം നയിക്കുന്നതും.
ചൈനീസ് ജനതയെ സൗദിയുടെ സാംസ്കാരിക തനിമ പരിചയപ്പെടുത്തുക, നിക്ഷേപാവസരങ്ങളും അത് കൊണ്ടുവരുന്ന അസാധാരണ നേട്ടങ്ങളും പ്രത്യേകിച്ച് സാംസ്കാരിക മേഖലയിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്കാരങ്ങൾ തമ്മിലെ ചരിത്രപരമായ സംവാദം വർധിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദബന്ധം സ്ഥിരീകരിക്കുക, സാഹിത്യത്തിലും കലകളിലും സംയുക്ത സഹകരണത്തിന്റെ മേഖലകൾ സമ്പന്നമാക്കുക എന്നീ നിലപാടുകളിൽ നിന്നാണ് ബീജിങ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിയായി സൗദി പങ്കെടുക്കുന്നതെന്ന് ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് അൽവാൻ പറഞ്ഞു.
സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുകയും വൈജ്ഞാനിക ശേഖരം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന വിധത്തിൽ സൗദിയെ അവതരിപ്പിക്കാനാണ് അതോറിറ്റിയും പങ്കാളികളും ശ്രമിക്കുന്നതെന്നും അൽവാൻ ചൂണ്ടിക്കാട്ടി. പ്രാദേശിക ബൗദ്ധിക ഉൽപാദനത്തിലേക്കും സർഗാത്മക ദേശീയ പ്രതിഭകളിലേക്കും ചൈനീസ് ജനതയെ പരിചയപ്പെടുത്തുന്നതിന് പുറമേ സൗദി പ്രസാധകർക്ക് ചൈനീസ് പ്രസാധകരുമായി ആശയവിനിമയം നടത്താനും അറിവുകൾ കൈമാറാനും അനുവദിക്കുന്നതിനാൽ ഈ പ്രദർശനം പുസ്തക, പ്രസിദ്ധീകരണ വ്യവസായത്തിന് സഹായകരമായ അവസരമാണെന്ന് അൽവാൻ പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ സൗദിയുടെ സംസ്കാരം വിളിച്ചോതുന്ന സെമിനാറുകളും ഡയലോഗ് സെഷനുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്ക് സൗദിയുടെ പവലിയൻ സാക്ഷ്യം വഹിക്കുമെന്നും അൽവാൻ സൂചിപ്പിച്ചു.
1986ലാണ് ബീജിങ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം കുറിച്ചത്. ചൈന നാഷനൽ പബ്ലിക്കേഷൻസ് ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ഗ്രൂപ്പാണ് മേളയുടെ സംഘാടകർ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയാണിത്. 100 രാജ്യങ്ങളിൽ നിന്നുള്ള 2,600ലധികം പ്രസാധകർ പങ്കെടുക്കുന്ന ചൈനയിലേയും ഏഷ്യയിലേയും ഏറ്റവും സ്വാധീനം ചെലുത്തിയ പുസ്തകമേള കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.