സൗദി റെഡ് ക്രസന്റ് അതോറിറ്റി പരിശീലന പരിപാടികൾ

യാംബു: സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ സന്നദ്ധപ്രവർത്തകർക്കായി പരിശീലന പരിപാടികൾ ഊർജിതം.രാജ്യത്തുടനീളം 918 പരിശീലന പരിപാടികൾ ഈ വർഷം മാത്രം പൂർത്തിയായതായും 1,13,000 പേർക്ക് അവ പ്രയോജനപ്പെട്ടതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഥമ ശുശ്രൂഷ പരിശീലനം, അടിയന്തര ഇടപെടൽ ആവശ്യമുള്ള അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളെ കുറിച്ചുള്ള അവബോധം നൽകുന്ന പരിപാടികൾ, ദുരന്തമുണ്ടാകുമ്പോൾ എമർജൻസി ടീമുകൾ എത്തുന്നതിന് മുമ്പ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള പരിശീലനക്കളരി എന്നിവ സംഘടിപ്പിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുൽ അസീസ് അൽ-സുവൈൻ പറഞ്ഞു.

അപകടങ്ങളിൽപെടുന്ന കൂടുതൽ പേരെ രക്ഷിക്കാനും ദുരന്തങ്ങൾ ലഘൂകരിക്കാനും റെഡ് ക്രസന്റിന്റെ പരിപാടികൾ ഫലം ചെയ്യുന്നതായും അതോറിറ്റിയുടെ ബോധവത്കരണ പരിപാടികൾ സമൂഹത്തിൽ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കുന്നതായും വക്താവ് ചൂണ്ടിക്കാട്ടി. അതോറിറ്റി ഈയിടെ നടത്തിയ 214 പരിശീലന പരിപാടികളിൽ 52 എണ്ണം അൽ-ഖസീം മേഖലയിലാണ് സംഘടിപ്പിച്ചത്. രാജ്യത്തെ കിഴക്കൻ മേഖലയിൽ 704 ബോധവത്‌കരണ പ്രഭാഷണങ്ങൾ നടന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വിദ്യാർഥികൾക്കും പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുത്തുന്നതിന് 'എ സേഫ് സ്കൂൾ' കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. 'സേവിങ് എ സോൾ' എന്ന ശീർഷകത്തിൽ കഴിഞ്ഞവർഷം അതോറിറ്റി നടത്തിയ കാമ്പയിനിന്റെ ഭാഗമായി 24 മണിക്കൂറിനിടെ 9836 പേർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവിക്കുന്നവരെ സഹായിക്കുന്ന 'ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ' എന്ന ഉപകരണം ഉപയോഗിക്കുന്നതിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകിയതിനാണ് അന്ന് ഗിന്നസ് റെക്കോർഡ് ലഭിച്ചത്.

Tags:    
News Summary - Saudi Red Crescent Authority training programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.