മക്ക: കോവിഡ് കാലത്തെ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും സൗദിയിലെ മധ്യമേഖലയിലും ഒരുക്കിയ സുരക്ഷ പദ്ധതികൾ പൂർണമായും വിജയിച്ചതിലുള്ള അഭിമാനത്തിലാണ് സൗദി റെഡ്ക്രസൻറ്. 500 വനിത, പുരുഷ സന്നദ്ധപ്രവർത്തകർ 49,000ത്തിലധികം മണിക്കൂറുകൾ റമദാനിൽ മാത്രം മക്കയിലും പരിസര പ്രദേശങ്ങളിലും സേവനം ചെയ്തതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി (എസ്.ആർ.സി.എ) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മക്കയിൽ റമദാനിൽ 9411 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 5713 എണ്ണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ആയിരുന്നു. പ്രമേഹം, ബോധക്ഷയം, അപസ്മാരം തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്ത മറ്റു കേസുകൾ. 3698 കേസുകളാണ് അപകടങ്ങളുമായി ബന്ധപ്പെട്ട് റെഡ്ക്രസൻറ് അതോറിറ്റിക്ക് ലഭിച്ചതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
997 എന്ന ടോൾഫ്രീ നമ്പർ വഴിയും 'അസെഫ്നി' എന്ന ഫോൺ ആപ്ലിക്കേഷൻ വഴിയുമാണ് സേവനത്തിനുള്ള അപേക്ഷകൾ എസ്.ആർ.സി.എക്ക് ലഭിച്ചത്. ലോക റെഡ്ക്രസൻറ് ദിനമായ മേയ് എട്ടിന് വിപുലമായ ആഘോഷ പരിപാടികൾ അതോറിറ്റിയും സംഘടിപ്പിച്ചിരുന്നു.
ഏതൊരു മനുഷ്യൻെറയും ജീവൻെറയും ആരോഗ്യത്തിൻെറയും സംരക്ഷണമാണ് നാം ഉറപ്പാക്കേണ്ടത്. മാനുഷിക മൂല്യങ്ങൾ ഏകീകരിക്കാനും പ്രചരിപ്പിക്കാനും സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കാനും വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങളാണ് അതോറിറ്റി ആസൂത്രണം ചെയ്യുന്നതെന്നും എസ്.ആർ.സി.എ പ്രസിഡൻറ് ഡോ. ജലാൽ അൽ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.