യാംബു: അമേരിക്ക കേന്ദ്രമായി നടത്തിയ 'റെജിനെറോൺ ഇൻറർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് മേളയിൽ (ഐ.എസ്.ഇ.എഫ്) സൗദി വിദ്യാർഥികൾക്ക് മികച്ച നേട്ടം.
കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയെ (മൗഹിബ) പ്രതിനിധാനം ചെയ്ത് പങ്കെടുത്ത വിദ്യാർഥികൾക്ക് അഞ്ച് ആഗോള അവാർഡുകളും മൂന്നു പ്രത്യേക അവാർഡുകളും നേടാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
80 രാജ്യങ്ങളിൽനിന്നായി ലോകമെമ്പാടുമുള്ള 1800ൽ അധികം കുട്ടികൾ മേളയിൽ തങ്ങളുടെ പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. ഓരോ വർഷവും നടക്കുന്ന ഐ.എസ്.ഇ.എഫിൽ സൗദി 2007 മുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നുണ്ട്.
മൊത്തം 83 അവാർഡുകൾ ഇതിനകം സൗദി സ്വന്തമാക്കി. ഇതിൽ 53 എണ്ണം ഗ്രാൻറ് അവാർഡുകളും 30 എണ്ണം പ്രത്യേക അവാർഡുകളുമാണ്. 'റെജിനെറോൺ ഇൻറർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് മേള'യിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി വിദ്യാർഥികളുടെ പങ്കാളിത്തവും മികവാർന്ന പ്രകടനവും രാജ്യത്തിന് അഭിമാനം നൽകുന്നതായി 'മൗഹിബ' ജനറൽ സെക്രട്ടറി ഡോ. സൗദ് ബിൻ സഈദ് അൽ മുത്തഹ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.