ഇസ്രായേൽ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം -സൗദി അറേബ്യ

റിയാദ്: ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് അവശ്യമുന്നയിച്ചത്.

ഫലസ്തീൻ ജനതക്കുള്ള പിന്തുണ ആവർത്തിച്ച സൗദി ഭരണകൂടം അധിനിവേശ രാഷ്ട്രത്തിന്റെ പരിധിലംഘനങ്ങളും ദീർഘകാലമായി തുടരുന്ന സംഘർഷവും അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ മുൻകൈയെടുക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു. ആഗോള വിപണിയിലെ ആവശ്യമനുസരിച്ച് ക്രൂഡ് ഓയിൽ ഉൽപാദനം ക്രമീകരിക്കാനുള്ള 31-ാമത്‌ ഒപെക് പ്ലസ്​ യോഗ തീരുമാനത്തെ മന്ത്രിസഭ അവലോകനം ചെയ്തു.

ബ്ലർബ് ഉത്​പാദന നയവും എണ്ണവിപണിയുടെ സന്തുലിതാവസ്ഥക്ക്​ അനുസൃതമായാണ് കൊണ്ടുപോവുകയെന്നും എണ്ണ വിപണിയുടെ സുസ്ഥിരതയും സന്തുലിതാവസ്ഥയും പരിഗണിച്ചുകൊണ്ടുള്ള ഉത്പാദന നയമാണ് രാജ്യം കൈകൊള്ളുന്നതെന്നും മന്ത്രിസഭായോഗം.

യമനിലെ പ്രതിസന്ധി പരിഹരിക്കാനും സ്ഥിരത ഉറപ്പാക്കാനും യമൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാനും 2021 മാർച്ചിൽ സൗദി തുടങ്ങിവെച്ച ശ്രമം മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രിസഭാ യോഗശേഷം ശൂറ കൗൺസിൽ അംഗവും മീഡിയ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സാം ബിൻ സഈദ് പറഞ്ഞു.

ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന ശ്രമങ്ങളെ രാജ്യം അഭിനന്ദിക്കുന്നു. ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കും. ഇനിയും കക്ഷി ചേരാത്ത രാഷ്ട്രങ്ങളെ ആണവ നിർവ്യാപന ഉടമ്പടിയിലേക്ക് (എൻ.പി.ടി) കൊണ്ടുവരാനും അവരുടെ ആണവ സംരംഭങ്ങളെ ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെ (ഐ.എ.ഇ. എ) സമഗ്രസുരക്ഷാ സംവിധാനത്തിൻ കീഴിലാക്കാനുമുള്ള ഉടമ്പടിയുടെ 10-ാം അവലോകന യോഗത്തിലെ സൗദി നിലപാടിനെയും മന്ത്രിസഭായോഗത്തിൽ എടുത്തുകാട്ടിയിരുന്നു.

അതേസമയം ഊർജ രംഗത്തും വിനോദ സഞ്ചാര മേഖലയിലും തായ്‌ലൻഡുമായി സഹകരിക്കുന്നതിനെ കുറിച്ച് ചർച്ച നടത്താൻ ഊർജ മന്ത്രിയെയും ടൂറിസം മന്ത്രിയെയും യോഗം ചുമതലപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിൽ ബ്രിട്ടനുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയും ചെയ്തു .

Tags:    
News Summary - saudiarabiagovernmentcabinetmeeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.