റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികത്തോടനുബന്ധിച്ച് രണ്ടാഴ്ചക്കാലമായി റിയാദിന്റെ പ്രവാസ മണ്ണിൽ കാൽപ്പന്തുകളിയുടെ ആവേശം നിറച്ച എസ്.ബി ഗ്രൂപ് പ്രവാസി ചാമ്പ്യൻസ് ട്രോഫിയിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് മുത്തമിട്ടു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ ശക്തരായ റിയൽ കേരളയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വിജയം വരിച്ചത്. പ്രവാസി വെൽഫെയർ സൗദി നാഷനൽ പ്രസിഡന്റ് സാജു ജോർജ് ട്രോഫിയും എസ്.ബി ഗ്രൂപ് റീജനൽ മാനേജർ അലൻ സാജു പ്രൈസ് മണിയും സമ്മാനിച്ചു.
ബ്ലാസ്റ്റേഴ്സിനുവേണ്ടി കുഞ്ഞ് 14ാം മിനിറ്റിലും റിയൽ കേരളക്കുവേണ്ടി നജീബ് 26ാം മിനിറ്റിലും ഓരോ ഗോളടിച്ച് സമനിലയായതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് നടന്നത്. റിയൽ കേരളയുടെ നജീബ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ വിന്നിങ് ക്യാപ്റ്റനും മികച്ച കളിക്കാരനുമുള്ള ചുട്ടി ആപ് ഇന്റർനാഷനൽ ടിക്കറ്റ് ചടങ്ങിൽവെച്ച് കൈമാറി.
നേരത്തേ നടന്ന സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട്, സുലൈ എഫ്.സിയെയും (2-0) റിയൽ കേരള റെയിൻബോ എഫ്.സിയെയും (2-0) തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനലിന് മുമ്പ് കുട്ടികൾക്കായി നടന്ന പ്രദർശന മത്സരത്തിൽ യൂത്ത് സോക്കർ അക്കാദമി (2-1) യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയെ തോൽപ്പിച്ചു. യൂത്ത് സോക്കർ താരം ഏദന്‍ റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകി.
വിദ്യാർഥികളായ ലംഹ ലബീബും ഇശാ സെന്നയും കാണികൾക്കായി നടത്തിയ സ്പോർട്ട് ക്വിസും എം.പി. ഷഹ്ദാൻ നയിച്ച റാപ്പിഡ് ആക്ഷൻ ക്വിസും ഗാലറിയിൽ ഉണർവ് പകർന്നു. ടൂർണമെന്റിലെ ഫൗരി മണി ട്രാൻസ്ഫർ സർവിസസ് റണ്ണേഴ്സ് അപ് ട്രോഫി റിയൽ കേരള ടീമിന് ചുട്ടി ആപ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ അംജദ് ഷരീഫ് സമ്മാനിച്ചു. സഫ്വാൻ (റിയൽ കേരള) ബെസ്റ്റ് പ്ലെയർ, അഭിജിത് (ബ്ലാസ്റ്റേഴ്സ്) ബെസ്റ്റ് ഡിഫെൻഡർ, മുബഷിർ (റിയൽ കേരള) ബെസ്റ്റ് ഗോൾ കീപ്പർ, സകരിയ(സുലൈ എഫ്.സി) ടോപ് സ്കോറർ എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. ഷമാൽ ഡിജിറ്റൽസ് എം.ഡി എൻ.എ. ഷജിൽ, ഫിൻപാൽ ബ്രാഞ്ച് മാനേജർ മുഹമ്മദ് നിഫ്റാസ്, പ്രവാസി പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് എന്നിവർ പുരസ്കാരങ്ങൾ കൈമാറി. നിയാസ് അലി, നൗഷാദ് വേങ്ങര, ഹാരിസ് മനമക്കാവിൽ, ശിഹാബ് കുണ്ടൂർ, അഹ്ഫാൻ, ആഷിഖ്, അബ്ദുസ്സലാം, ഫസൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി അജ്മൽ ഹുസൈൻ സ്വാഗതവും വളന്റിയർ ക്യാപ്റ്റൻ റിഷാദ് എളമരം നന്ദിയും പറഞ്ഞു.
റിഫ റഫറീസ് പാനൽ അംഗങ്ങളായ ഷരീഫ് പാറക്കൽ, അമീർ, മജീദ് ബാസ്കർ, ഇൻഷാഫ്, നാസർ എടക്കര, നൗഷാദ്, അഷ്റഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സാലിഹ് കൂട്ടിലങ്ങാടി അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.