യാംബു: പാഠപുസ്തകത്തിൽനിന്നും മറ്റും നേടിയ ശാസ്ത്രസാങ്കേതിക പരിജ്ഞാനം പ്രായോഗിക തലത്തിൽ പ്രദർശിപ്പിച്ച് യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ‘ടെലെസ്റ്റോ 2024’ എന്ന പേരിലുള്ള സയൻസ് ഫെസ്റ്റ് നൂറുകണക്കിനാളുകൾ സന്ദർശിച്ചു.
മാലിന്യ സംസ്കരണ രംഗത്തെ നൂതനാശയങ്ങൾ പരിചയപ്പെടുത്തി കുട്ടികൾ ഒരുക്കിയ സ്റ്റാളുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഊർജ സംരക്ഷണം, ട്രാഫിക് രംഗത്തെ ശാസ്ത്രീയ പരിഷ്കരണങ്ങൾ, മാലിന്യ നിർമാർജനം, സൗരോർജം എന്നിവയിൽ വിദ്യാർഥികൾ നിർമിച്ച വൈവിധ്യമാർന്ന പ്രോജക്ടുകളും സന്ദർശകരെ ഏറെ ആകർഷിച്ചു.
ഒഴിവാക്കുന്ന വിവിധ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ മോഡലുകളും വിവിധ സന്ദേശങ്ങൾ പ്രദർശിപ്പിച്ച് വിദ്യാർഥികൾ ഒരുക്കിയ നിരവധി നിർമിതികളും സയൻസ് ഫെസ്റ്റിന് മാറ്റുകൂട്ടി. 220 ലേറെ പ്രോജക്ടുകളാണ് വിദ്യാർഥികൾ മേളക്കായി ഒരുക്കിയിരുന്നത്.
സ്കൂൾ അഡ്മിൻ മാനേജർ മുസാഇദ് ഖാലിദ് അൽ റഫാഇ സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം കോഓഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ‘ടെലെസ്റ്റോ 2024’ കോഓഡിനേറ്റർമാരായ അംജിദ് ഖാൻ മുഹമ്മദ്, അൻജും ഉനൈസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.