റിയാദ്: രാജ്യത്തെ സുരക്ഷാവിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളികൾ സാങ്കേതികവിദ്യയുടെ ദുരുപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയിലെ പുതിയ തന്ത്രങ്ങളാണെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു.
ഖത്തറിൽ ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 41ാമത് യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിവിധതരം അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കള്ളക്കടത്തും ആയുധങ്ങൾ നിർമിക്കുന്നതും കടത്തുന്നതും ഇതിലുൾപ്പെടുന്നു. പല രാജ്യങ്ങളും അനുഭവിക്കുന്ന അസ്ഥിരതയുടെ വെളിച്ചത്തിൽ കുറ്റകൃത്യങ്ങൾ, തീവ്രവാദ ഭീഷണികൾ, ഭീകരവാദം എന്നിവയുടെ വ്യാപനത്തിന് ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു. ഇതിനെതിരെ സംയുക്ത ശ്രമങ്ങൾ അണിനിരത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി സൂചിപ്പിച്ചു. ഇയെ നേരിടാനുള്ള പദ്ധതികൾ വികസിപ്പിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ യോഗം സംയുക്ത ഗൾഫ് സുരക്ഷ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും സുരക്ഷ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും വെല്ലുവിളികളും വിജയകരമായി കൈകാര്യം ചെയ്യുന്നതിന് സംഭാവന നൽകുകയും ചെയ്യും.
സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ ഏകീകരിക്കുകയും വികസനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ യോഗം ഏകോപിപ്പിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവിയും സുരക്ഷകാര്യ സെക്രട്ടേറിയറ്റിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.