'ജിദ്ദ ബീറ്റ്‌സ് 2024' മെഗാ ഷോയിൽ സൗദി കലാസംഘം കലാകാരന്മാർ മാഷപ്പ് അവതരിപ്പിക്കുന്നു. 

സംഗീതപ്പെരുമഴ പെയ്യിച്ച് സൗദി കലാസംഘം 'ജിദ്ദ ബീറ്റ്‌സ് 2024' കലാമാമാങ്കം അരങ്ങേറി

ജിദ്ദ: സൗദിയിലെ മുഴുവൻ പ്രവിശ്യകളിൽ നിന്നുമുള്ള കലാപ്രതിഭകളുടെ കൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) പ്രവർത്തകർ ജിദ്ദയിൽ സംഘടിപ്പിച്ച കലാമാമാങ്കം ആസ്വാദകരുടെ മനസ്സിന് കുളിർമയേകിയ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. 'ജിദ്ദ ബീറ്റ്‌സ് 2024' എന്ന പേരിൽ ജിദ്ദ രിഹാബിലുള്ള ലയാലി നൂർ ഓഡിറ്റോറിയത്തിൽ എട്ട് മണിക്കൂർ നീണ്ട മെഗാ ഷോയിൽ നൂറോളം കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്. ആയിരങ്ങൾ പങ്കെടുത്ത പരിപാടി ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. എസ്.കെ.എസ് പ്രസിഡന്റ് റഹീം ഭരതന്നൂർ തബൂക്ക് അധ്യക്ഷത വഹിച്ചു. സൗദി പൗരൻ സാലിഹ് മലൈബാരി, കബീർ കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു. ദമ്മാമിലേക്ക് ജോലി മാറിപോവുന്ന ജിദ്ദയിലെ പ്രശസ്ത നൃത്ത സംവിധായകനും എസ്.കെ.എസ് അംഗവുമായ അൻസിഫ് അബൂബക്കറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. റിയാദ് പോൾ സ്റ്റാർ ഡാൻസ് അക്കാഡമി കൊറിയോഗ്രാഫർ വിഷ്ണു വിജയൻ അൻസിഫിനുള്ള ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു സ്വാഗതവും ട്രഷറർ തങ്കച്ചൻ വർഗീസ് നന്ദിയും പറഞ്ഞു.

മതമൈത്രി ഗാനത്തോടെ തുടങ്ങിയ മെഗാ ഷോയിൽ മലയാളം, തമിഴ്, ഹിന്ദി, അറബി ഗാനങ്ങൾ, കവിതാലാപനം, ഓട്ടൻ തുള്ളൽ, ലഘുനാടകം, കോമഡി ഷോ, വിവിധ നൃത്തങ്ങൾ, ലൈവ് മാഷപ്പ് തുടങ്ങി 60 ഓളം ഇനങ്ങളാണ് സൗദി കലാസംഘം കലാകാരൻമാർ അരങ്ങിലെത്തിച്ചത്. ടീം തീവണ്ടി മ്യൂസിക് ബാൻഡിന്റെ പിന്നണിയിൽ പഴയ സിനിമ മെലഡി ഗാനങ്ങൾ കോർത്തിണക്കി എസ്.കെ.എസ് ഗായകസംഘം അവതരിപ്പിച്ച മാഷപ്പ് കലാപ്രേമികൾക്ക് നവ്യാനുഭവമായി. നിഥിൻ, ടോമി, സബീഷ് എന്നിവർ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തു.

ഫിനോം, ഗുഡ്ഹോപ്‌ ഡാൻസ് അക്കാദമികളിലെ കുട്ടികളുടെ വിവിധ നൃത്തങ്ങളും ശ്രീത ടീച്ചർ അണിയിച്ചൊരുക്കിയ നൃത്തവും പരിപാടി വർണ്ണശബളമാക്കി. ഹനീഫ് വാപനു അവതരിപ്പിച്ച ഓട്ടൻതുള്ളലും ഫാസിൽ ഓച്ചിറ അവതരിപ്പിച്ച നടന്മാരുടെ ശബ്ദാനുകരണവും സദസ് വൻകയ്യടിയോടെ സ്വീകരിച്ചു. സമകാലിക കുടുംബ വിഷയം പ്രമേയമാക്കി സുബൈർ ആലുവ, ഹസ്സൻ കൊണ്ടോട്ടി, ജമീല, പൂജ പ്രേം എന്നിവർ അഭിനയിച്ചവതരിപ്പിച്ച ലഘുനാടകവും ഏറെ ശ്രദ്ധേയമായി.

ബൈജു ദാസ്, ശബാന അൻഷാദ്, തങ്കച്ചൻ വയനാട്, സോഫിയ സുനിൽ, ശർമിത നജാസ്, വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ്, മുംതാസ് അബ്ദുറഹ്മാൻ, സാദിഖ് പറക്കോടൻ, സഫർ, റോഷൻ അലി, ഇസ്മായിൽ ഇജ്‌ലൂ, മുബാറക് ഗുസെൽ, ഖമറുദീൻ, മൻസൂർ നിലമ്പൂർ, അഷ്‌റഫ് വലിയോറ, റാഫി ആലുവ, സാദിഖലി തുവ്വൂർ, അഷ്‌ന അഫ്‌സൽ, ബഷീർ താമരശ്ശേരി, നസ്രു ബേക്കർ, കാസിം കുറ്റ്യാടി, ഹരീഷ് കൃഷ്ണൻ, വിവേക് പിള്ള, മുബാറക് വാഴക്കാട്, മുനീർ താനൂർ, മുബാറക് കൊണ്ടോട്ടി, ഹാഫിസ്, സുജു രാജു, റഹിം ഭരതന്നൂർ, ഹസ്സൻ കൊണ്ടോട്ടി എന്നിവർ ആലപിച്ച 50 ഓളം ഗാനങ്ങൾ സദസ്സ് ഒന്നടങ്കം നെഞ്ചേറ്റി. സജിൻ നിഷാൻ റിയാദ്, റാഫി ബീമാപള്ളി, നിസാർ മടവൂർ, ഡോ. ഇന്ദു ചന്ദ്രശേഖർ എന്നിവർ അവതാരകരായിരുന്നു. എസ്.കെ.എസ് പ്രസിഡന്റ് റഹിം ഭരതന്നൂർ തബൂക്ക്, രക്ഷാധികാരികളായ ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി, ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ വിജേഷ് ചന്ദ്രു, സോഫിയ സുനിൽ, ട്രഷറർ തങ്കച്ചൻ വയനാട് റിയാദ്, പ്രോഗ്രാം ഫിനാൻസ് കൺവീനർ ഹിജാസ് കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

മെഗാ ഷോയുടെ ശബ്ദസജ്ജീകരണം ഇസ്മായിൽ ഇജ്‌ലുവും വെളിച്ചം അഷ്‌റഫ് വലിയോറയുമാണ് നിയന്ത്രിച്ചത്. ഗ്രാഫിക് ഡിസൈനറായ നൗഷാദ് ചാത്തല്ലൂരാണ് ഷോയുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തത്. സബീനാ റാഫി, റമീസ് റാഫി, അഫ്ര സബീൻ റാഫി, ജെനി ജോർജ്ജ് എന്നിവരെ കൂടാതെ ജിദ്ദയിലെ ടിക്ടോക് കൂട്ടായ്മ പ്രേക്ഷകരെ നിയന്ത്രിച്ചു. കൂപ്പൺ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ കലാപ്രേമികൾക്കായി ഒരുക്കിയിരുന്നു. മെഗാ ഷോയിൽ നിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നീക്കിവെക്കുമെന്ന് സംഘാടകർ അറിയിച്ചു. എസ്.കെ.എസിന്റെ പ്രഥമ മെഗാ ഷോ നേരത്തെ റിയാദിൽ നടന്നിരുന്നു. വരും വർഷങ്ങളിൽ സൗദിയിലെ മറ്റു നഗരങ്ങളിലും ഷോകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - SKS Jeddah Beats 2024 mega show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.