ദമ്മാം: ഗാർഹിക-വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി ചെറുകിട സൗരോർജ പദ്ധതി ആവിഷ്കരിച്ച് സൗദി. ഊർജകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ വൈദ്യുത-ജല അതോറിറ്റി, പ്രവിശ്യാതല മുനിസിപ്പാലിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്. സൗരോർജ ഉൽപാദനരംഗത്ത് പ്രാഗല്ഭ്യമുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളാണ് സോളാർ പ്ലാൻറുകൾ സ്ഥാപിക്കുക.
പദ്ധതിക്ക് അംഗീകാരമാവുന്നതോടെ വീടുകളിലും വില്ലകളിലും ചെറുകിട വാണിജ്യസ്ഥാപനങ്ങളിലും സ്വതന്ത്രമായി സോളാർ പ്ലാൻറുകൾ വഴി വൈദ്യുതി ഉൽപാദിപ്പിക്കാനാവും. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സൗരോർജ പ്ലാൻറുകൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി, നിലവിലുള്ള ട്രാൻസ്ഫോർമറുകൾ വഴി വിതരണം ചെയ്യുന്ന വിധമാണ് ആസൂത്രണം.
അന്താരാഷ്ട്ര നിലവാരമുള്ള സൗരോർജ പ്ലാൻറുകളുടെ വിവരങ്ങൾ, ഉൽപാദന -വിതരണ രീതി, സ്ഥാപിക്കുന്നതിനുള്ള ചെലവ്, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് തുടങ്ങി ഉപഭോക്താക്കൾക്ക് വേണ്ട നിർദേശങ്ങളും നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ച് 'ശംസി' എന്ന ശീർഷകത്തിൽ വെബ്പോർട്ടൽ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ എണ്ണയിതര ഊർജസ്രോതസ്സുകളുടെ വികാസവും ഉപഭോഗവും വാണിജ്യ സാധ്യതകളും ഏറെ പ്രാധാന്യത്തോടെയാണ് മന്ത്രാലയം നോക്കിക്കാണുന്നത്. വിഷൻ 2020െൻറ ചുവടുപിടിച്ച് 2018 ഏപ്രിലിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്ക് സൗദി തുടക്കംകുറിച്ചിരുന്നു.
2030ഓടെ പൂർത്തീകരിക്കാനിരിക്കുന്ന ഈ പദ്ധതിക്ക് 200 ശതകോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. റിയാദിലെ അൽ-ഉയന ഗ്രാമത്തിലാണ് സർക്കാർതല സൗരോർജ പ്ലാൻറ് സ്ഥാപിതമായത്. നിലവിൽ രാജ്യത്ത് പലയിടങ്ങളിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്ന വഴിവിളക്കുകൾക്കുവേണ്ടിയുള്ള ഊർജം സൗരോർജ പ്ലാൻറുകൾ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. സൗരോർജ പദ്ധതി യാഥാർഥ്യമാവുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.