റിയാദ്: ഇടക്കാലത്ത് ഒതുങ്ങിയ തസ്കരന്മാരുടെ ശല്യം ബത്ഹയിൽ വീണ്ടും വർധിച്ചു. തലസ്ഥാന നഗരത്തിലെ വാണിജ്യ കേന്ദ്രത്തിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ വ്യാപകമാവുകയാണ്. കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യം ആളുകളെ ഭയപ്പെടുത്തുകയാണ്.
കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി യൂനസ് പരപ്പിൽ ബത്ഹ കേരള മാർക്കറ്റിന് സമീപംവെച്ചാണ് പോക്കറ്റടിക്കിരയായത്. കള്ളൻ പോക്കറ്റിൽ കൈയിട്ട് പണമെടുക്കാൻ നടത്തിയ ശ്രമം ചെറുത്തുനിന്ന് തോൽപിക്കുകയായിരുന്നു. യൂനസ് കള്ളനെ കടന്നുപിടിച്ചെങ്കിലും കൈ തട്ടിമാറ്റി കേരള മാർക്കറ്റിലെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.
സമാനമായ അനുഭവം നിരവധിപേർക്ക് ഈയടുത്ത ദിവസങ്ങളിലുണ്ടായി. റിയാദ് മെട്രോ പദ്ധതിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി നൗഷാദ് രാത്രി ജോലികഴിഞ്ഞ് പുലർച്ച അഞ്ചിന് ബത്ഹക്ക് സമീപമുള്ള വർക്ക് സൈറ്റിന് പുറത്ത് താമസസ്ഥലത്തേക്ക് പോകാൻ വാഹനത്തിന് കാത്തിരിക്കുമ്പോൾ ഒരാൾ വന്ന് ഒരു വലിയ വെട്ടുകത്തി വീശി പേടിപ്പിച്ചശേഷം കൈയിലിരുന്ന ബാഗ് പിടിച്ചുപറിച്ചു കൊണ്ടുപോയി. നൗഷാദിന്റെ പാസ്പോർട്ട് ആ ബാഗിലായിരുന്നു. അത് നഷ്ടപ്പെട്ടു. ബത്ഹയിലും പരിസരത്തും പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് അനുഭവസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.