റിയാദ്: സൗദിയിൽ കുട്ടികൾക്കും കൗമാരക്കാർക്കും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് കർശന വിലക്ക്. 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് മുനിസിപ്പൽ, ഗ്രാമീണകാര്യ, ഭവന മന്ത്രാലയം ഉത്തരവിട്ടു.
പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾക്കായി മന്ത്രാലയം നിബന്ധനകളും വ്യവസ്ഥകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ സർക്കാറിന്റെ 'ഇസ്തിത്ലാ' വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞിരുന്നു.
ഹുക്ക വലി (ശീഷ) ഉപകരണങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ലൈസൻസുള്ള കടകൾക്കാണ് മുന്നറിയിപ്പ്.
ഇത്തരം ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കലും നിയമത്തിന്റെ ഭാഗമാണ്. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മുനിസിപ്പൽ ലൈസൻസിങ് നടപടിക്രമങ്ങളുടെ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി ലൈസൻസ് നേടിയിരിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക് പുകയിലക്കടയിൽ പ്രവേശിക്കാനോ ഉൽപന്നങ്ങൾ വാങ്ങാനോ അനുവാദമില്ല. 18 വയസ്സ് തികഞ്ഞതിന്റെ തെളിവ് നൽകാൻ വാങ്ങുന്നയാളോട് ആവശ്യപ്പെടാൻ വിൽപനക്കാരന് അവകാശമുണ്ട്.
24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതി പത്രമില്ലാതെ രാത്രി 12 മണിക്ക് ശേഷം കടകൾ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ റമദാനിലും അവധി ദിവസങ്ങളിലും ഈ നിബന്ധന ബാധകമല്ല. സിഗരറ്റുകൾ 20 എണ്ണത്തിൽ കൂടാത്ത, അടച്ച പാക്കറ്റിൽ മാത്രമെ വിൽക്കാൻ പാടുള്ളൂ. പുകയില ഉൽപന്നങ്ങൾ ഗുളികകളാക്കി വിൽക്കുന്നതിന് അനുമതിയില്ല. കൂടാതെ ചില്ലറ വിൽപനയും നിരോധിച്ചിരിക്കുന്നു. പുകയിലയുടെയോ അതിന്റെ ഏതെങ്കിലും അനുബന്ധ ഉൽപന്നങ്ങളുടെയോ വിലയിൽ കിഴിവ് നൽകാൻ പാടില്ല. സൗജന്യ പ്രമോഷൻ ഓഫറുകളിൽ അവ ഉൾപ്പെടുത്താനും പാടില്ല.
വാഹനങ്ങൾ, ബസുകൾ, ട്രെയിനുകൾ, കപ്പലുകൾ, ബോട്ടുകൾ, വിമാനങ്ങൾ തുടങ്ങി എല്ലാ പൊതുഗതാഗത മാർഗങ്ങളിലും അസംസ്കൃതമോ നിർമിതമോ ആയ പുകയിലയോ അനുബന്ധ ഉൽപന്നങ്ങളോ വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്. പുകയില ഉൽപന്നങ്ങൾ പരസ്യം ചെയ്യാൻ പാടില്ല. പൊതുക്രമം ലംഘിക്കുന്ന തരത്തിൽ പുകയില ഉൽപന്നങ്ങളിൽ പേരുകളോ ചിഹ്നങ്ങളോ അടയാളങ്ങളോ ചിത്രങ്ങളോ ഉപയോഗിക്കുന്നതും നിരോധനത്തിൽ വരും.
പുകയില കടകളിലെ തൊഴിലാളികൾ യൂനിഫോം ധരിക്കണം. കൂടാതെ കടയുടെ പേര് വ്യക്തമായി യൂനിഫോമിൽ സൂചിപ്പിക്കണം. ഏതെങ്കിലും രോഗം ബാധിച്ചാൽ പൂർണമായി സുഖം പ്രാപിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കരുത്. തൊഴിലാളികൾക്കായി ടോയ്ലറ്റുകളും വിശ്രമമുറിയും പ്രത്യേകം സജ്ജീകരിക്കണം. ഇരിപ്പിടവും പ്രാർഥനക്കുള്ള സ്ഥലവും ഉണ്ടായിരിക്കണം. കടക്കുള്ളിൽ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യാൻ പാടില്ല.
അതിനായി നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നു.
പുകയില ഉൽപന്നങ്ങൾ സാധനങ്ങളും കടയുടെ തറയിലോ മുൻവശത്തോ തടി, പ്ലാസ്റ്റിക് പലകകളിലോ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.