ത്വാഇഫ്: ത്വാഇഫ് മരുഭൂമിയിൽ കാഴ്ചക്കാരിൽ അമ്പരപ്പുളവാക്കും വിധം ശക്തമായ ചുഴലിക്കാറ്റ് വീശി. നഗരത്തിന് വടക്കുള്ള ഹിജ്ൻ പാലത്തിന് കിഴക്ക് അൽഅസ്ബ് ഭാഗത്തെ മരുഭൂമിയിലാണ് അപൂർവ പ്രതിഭാസമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്നാണ് റിപ്പോർട്ട്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ വീഡിയോ സൗദി ട്വിറ്ററാറ്റികൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് സാധാരണ ചുഴലിക്കാറ്റാണെന്നും എപ്പോഴും ആവർത്തിക്കില്ലെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് വ്യക്തമാക്കി.
ത്വാഇഫിലെ മരുഭൂമിയിലുണ്ടായ ചുഴലിക്കാറ്റിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിശദീകരണം. ത്വാഇഫ് ഗവർണറേറ്റിലെ അന്തരീക്ഷത്തിലൊരു പ്രതിഭാസം ഉണ്ടായിട്ടുണ്ട്. അത് ചുഴലിക്കാറ്റായി മാറിയതാണ്. ഇത് പലപ്പോഴും ശക്തമായ ഇടിമിന്നലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടുങ്ങിയ പരിധിക്കുള്ളിലും പരിമിതമായ കാലയളവിലുമാണ് ഇത് സംഭവിക്കുന്നത്. മുൻ വർഷങ്ങളിൽ ഈ സാഹചര്യം ആവർത്തിക്കുന്നത് കേന്ദ്രം നിരീക്ഷിച്ചിരുന്നതായും വക്താവ് പറഞ്ഞു. ഇങ്ങനെ കാറ്റ് വീശാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ആരും പോകരുത്. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും ശ്രദ്ധയിൽപ്പെട്ടാൽ കാലാവസ്ഥ കേന്ദ്രത്തെ അറിയിക്കണമെന്നും വക്താവ് ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.