160 രാഷ്ട്രങ്ങളിലെ വിദ്യാർഥികൾക്ക് സൗദി പഠനവിസ അനുവദിക്കും

റിയാദ്: വിദേശ വിദ്യാർഥികൾക്ക് പഠനവിസ അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച 'പഠനം സൗദി അറേബ്യയിൽ' പദ്ധതി പ്രകാരം വിദേശ വിദ്യാർഥികൾക്ക് ഹ്രസ്വകാല, ദീർഘകാല വിസകൾ അനുവദിക്കും. 'വിഷൻ 2030'ന്റെ ലക്ഷ്യസക്ഷാത്കാരത്തിലേക്ക് നയിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 160 രാഷ്ട്രങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും പദ്ധതി പ്രയോജനപ്പെടും.

അതത് രാജ്യങ്ങളിലെ കലാലയങ്ങളിൽ മികച്ച വിജയം നേടി ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥി, വിദ്യാർഥിനികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക, നൂതന ഗവേഷണ സാധ്യതകൾ ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശങ്ങളും പദ്ധതിക്ക് പിന്നിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു. സൗദി അറേബ്യയെ ആകർഷകവും കിടയറ്റതുമായ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കുക എന്ന 'വിഷൻ 2030' പദ്ധതിയുടെ ഭാഗമാണ് പുതിയ തീരുമാനം. അറബിഭാഷാ പഠനം, അറേബ്യൻ സംസ്‌കൃതിയുടെയും മൂല്യങ്ങളുടെയും പ്രചാരണം എന്നിവയും പദ്ധതിക്ക് പിന്നിലുണ്ട്.

വിദ്യാർഥികൾക്കും ഗവേഷകർക്കും മാത്രമല്ല അക്കാദമിക് വിദഗ്ധർക്കും പ്രഫസർമാർക്കും സൗദി വാതിലുകൾ തുറന്നിടും. വിദ്യാർഥി, വിദ്യാർഥിനികൾക്ക് അധ്യയന കാലാവധി അനുസരിച്ചും അധ്യാപകർക്കും വിദഗ്ധർക്കും കരാർ പ്രകാരവും വിസ അനുവദിക്കുമെന്നും വക്താവ് സൂചിപ്പിച്ചു. ഇവർക്ക് സ്പോൺസറെ ആവശ്യമില്ല. ഇതിനായി സൗദിയുടെ നിലവിലുള്ള വിസ ചട്ടങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സൈറ്റിലൂടെ അറിയിപ്പുകളും ലിങ്കുകളും പ്രസിദ്ധപ്പെടുത്തുകയും ഒമ്പത് ഭാഷകളിൽ രജിസ്‌ട്രേഷൻ നടപടികൾക്ക് അവസരമൊരുക്കുകയും ചെയ്യും.

Tags:    
News Summary - Students from 160 countries will be granted Saudi Student Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.