ത്വാഇഫ്: വേനൽക്കാലത്ത് വിളഞ്ഞ് പഴുക്കുന്ന ഫലങ്ങളുടെ മേളക്ക് ത്വാഇഫിൽ ബുധനാഴ്ച തുടക്കമാകും. ത്വാഇഫ് അൽ റദ്ഫ് പാർക്കിലാണ് വേനൽക്കാല പഴങ്ങളുടെ ഉത്സവം അരങ്ങേറുന്നത്. ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ആലു സഊദ് ഉദ്ഘാടനം ചെയ്യുന്ന ‘ഫ്രൂട്ട്സ് ഫെസ്റ്റിവലി’ൽ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. ത്വാഇഫ് ഗവർണറേറ്റ് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകളുടെ മഹത്ത്വം ഉയർത്തിക്കാട്ടാനും പഴങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യംവെച്ചാണ് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം മക്ക ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജി. മജീദ് അൽ ഖലീഫ് അറിയിച്ചു.
സർക്കാർ, സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തവും 30ലധികം കർഷകരുടെയും തേനീച്ച വളർത്തുന്നവരുടെയും അതിെൻറ നിർമാതാക്കളുടെ കുടുംബങ്ങളുടെയും പങ്കാളിത്തം മേളയിലുണ്ടാകും. കാർഷികോത്സവങ്ങളിലൂടെ കർഷകരുടെ വിവിധ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് കൂടുതൽ അവസരം നൽകുന്നതിനു പുറമെ കർഷകരെ പിന്തുണക്കാനും ഉൽപാദനം വർധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും കൂടി മേള ലക്ഷ്യംവെക്കുന്നതായി ത്വാഇഫ് ഗവർണറേറ്റിലെ കാർഷിക മന്ത്രാലയ ഓഫിസ് ഡയറക്ടർ എൻജി. ഹാനി അൽഖാദി ചൂണ്ടിക്കാട്ടി. വിവിധ ഫലങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും പുറമെ സ്റ്റേജിൽ വിവിധ പരിപാടികളും നടക്കുന്ന മേള ആഗസ്റ്റ് രണ്ടു മുതൽ നാലുവരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.