തബൂക്ക്: കോവിഡ് 19 മൂലം നാട്ടിൽ പോകാൻ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ വിമാന സർവിസ് ആരംഭിച്ചെങ്കിലും ആശങ്കയൊഴിയാതെ തബൂക്കിലുള്ളവർ. ഇന്ത്യൻസർക്കാർ നിലവിൽ സർവിസ് അനുവദിച്ചത് റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽ നിന്ന് മാത്രമാണ്. തബൂക്കിൽ നിന്നും ജിദ്ദയിലേക്ക് 1400 കിലോമീറ്ററും റിയാദിലേക്ക് 1700 കിലോമീറ്ററും ദമ്മാമിലേക്ക് 2000ലധികം കിലോമീറ്ററും ദൂരമുണ്ട്. ഗർഭിണികൾ അടക്കമുള്ളവർക്ക് ഇത്രയും ദൂരം റോഡുമാർഗം യാത്രചെയ്ത് വിമാനത്താവളത്തിൽ എത്തുക ക്ലേശകരമാണ്. മാത്രമല്ല നിലവിൽ ഒരു പ്രവിശ്യയിൽ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് കടക്കാനുള്ള അനുവാദവുമില്ല. അതിനു വേണ്ട അനുമതി പത്രം സൗദി അധികാരികളിൽ നിന്നും ലഭ്യമാക്കുക ശ്രമകരമാണ്.
തബൂക്കിൽനിന്നും ഗർഭിണികളും എക്സിറ്റ് വിസ അടിച്ചു നിൽക്കുന്നവരും സന്ദർശകവിസയിൽ വന്ന വയോധികരടക്കമുള്ളവരും റീഎൻട്രി അടിച്ചവരുമായി നിരവധി പേരാണ് എംബസിയിലും ഔദയിലും നോർക്കയിലുമെല്ലാം പേര് രജിസ്റ്റർ ചെയ്തു നാടണയാൻ കാത്തു നിൽക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനം തബൂക്കിലേക്ക് സർവിസ് നീട്ടുകയോ അല്ലെങ്കിൽ സൗദി എയർലൈൻസ് ആഭ്യന്തര വിമാന സർവിസ് മുഖേന തബൂക്കിൽ നിന്നുള്ളവരെ ഈ മൂന്നു വിമാനത്താവളങ്ങളിൽ എത്തിക്കുകയോ വേണ്ടിവരും. അതിന് വേണ്ടി ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടാകണം. വിഷയം ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാറും തബൂക്കിലെ പ്രവാസികൾക്ക് സുഗമമായി നാട്ടിലെത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മാസ് തബൂക്ക് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ, സെക്രട്ടറി ഫൈസൽ നിലമേൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.