ജിദ്ദ: ഉംറ തീർഥാടകരല്ലാത്തവർക്കും കഅ്ബ ത്വവാഫിന് അനുമതി. മസ്ജിദുൽ ഹറാമിലെ ഒന്നാംനിലയിൽ എല്ലാവർക്കും ത്വവാഫിന് അനുമതി നൽകുന്ന തീരുമാനം എടുത്തതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ഹൈദർ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ഉംറ തീർഥാടകർക്ക് മാത്രമായിരുന്നു നിലവിൽ ത്വവാഫിന് അനുമതി ഉണ്ടായിരുന്നത്.
ആരോഗ്യ മുൻകരുതൽ പാലിച്ചും 'ഇഅ്തമർനാ'ആപ്പിലൂടെ പെർമിറ്റ് നേടിയവർക്കുമാണ് ത്വവാഫിന് അനുമതിയുണ്ടാകുക. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒന്നാം നിലയിൽ ത്വവാഫിനെത്തുന്ന ഉംറ തീർഥാടകരല്ലാത്തവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയാക്കി. രാവിലെ ഏഴ് മുതൽ 10 വരെയും രാത്രി ഒമ്പത് മുതൽ അർധരാത്രി 12 വരെയും 12 മുതൽ പുലർച്ച മൂന്നു വരെയുമായി മൂന്ന് സമയങ്ങളിലാണ് ത്വവാഫിന് അനുമതി. മത്വാഫിെൻറ ഒന്നാംനില പൂർണശേഷിയിൽ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തീർഥാടകരുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും അതുവഴി തിരക്കൊഴിവാക്കാനും ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനും സൗകര്യമൊരുക്കും.
ഇഷ്യൂ ചെയ്ത പെർമിറ്റ് തീയതിയും സമയവും എല്ലാവരും പാലിക്കണം. ഹറമിൽ കഴിയുന്ന സമയം മാസ്ക് ധരിക്കണമെന്നും ഹറം ജീവനക്കാരോട് സഹകരിക്കണമെന്നും ഇരുഹറം കാര്യാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.