ദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ ‘ഇത്ര’യിൽ തുടങ്ങി. മേയ് നാലിനാരംഭിച്ച മേള 11 വരെ തുടരും. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ മേളയാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമകൂടി വെളിപ്പെടുത്തിയ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്കാണ് കഴിഞ്ഞ ദിവസം ‘ഇത്ര’സാക്ഷിയായത്.
വൈകീട്ട് ആറോടെ ചടങ്ങുകൾക്ക് തുടക്കമായി. സൗദിയുടെ ചിലച്ചിത്ര മേഖലയിലെ പ്രശസ്തരുൾപ്പെടെയുള്ള എഴുത്തുകാരും അഭിനേതാക്കളും സംവിധായകരും ചുവന്ന കാർപറ്റിലൂടെ വേദിയിലേക്കെത്തുന്നത് അതിമനോഹര കാഴ്ചയായിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങൾ ചടങ്ങുകൾ തൽക്ഷണം പ്രക്ഷേപണം ചെയ്തു. എട്ടുമണിയോടെ ‘ഇത്ര’യുടെ അന്ത്യാധുനിക തിയറ്ററിൽ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായി. സോഷ്യൽ മീഡിയകളിലൂടെ അറബ് ലോകത്ത് പ്രശസ്തരായ ആയി ഫൗദും ബറ ആലമും ആയിരുന്നു അവതാരകർ. അതിമനോഹര സംഗീതശിൽപത്തോടൊപ്പമാണ് ചടങ്ങ് ആരംഭിച്ചത്.
സിനിമ കമീഷൻ ചെയർമാൻ ഹന്ന അൽ ഉമൈർ ആമുഖപ്രഭാഷണം നിർവഹിച്ചു. സൗദിയുടെ സംസ്കാരിക മാറ്റത്തിന്റെ തിളങ്ങുന്ന മുഖമാണ് സൗദി ഫിലിം ഫെസ്റ്റിവലിലൂടെ തെളിയുന്നതെന്ന് അവർ പറഞ്ഞു.
‘ഇത്ര’പ്രോഗ്രാം ഡയറക്ടർ നൂറ അൽ സാമിൽ ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. ഇത്തവണ പുതിയ ഒമ്പത് അവാർഡുകൾകൂടി മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 സിനിമകളാണ് മേളയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ തെരഞ്ഞെടുത്ത 64 സിനിമകളാണ് പ്രദർശിപ്പിക്കുക. സൗദിയിൽനിന്നുള്ള അബ്ദുറഹ്മാൻ ഖവാജ്, ജോർഡനിൽ നിന്നുള്ള നാദിയ ഏലിവാത്, ഫ്രാൻസിൽനിന്നുള്ള എഡ്വാർഡ് വെയിൻ ഡ്രോപ് എന്നിവരാണ് വിധികർത്താക്കൾ.
ഡോക്യുമെന്ററി സിനിമകളുടെ സൗദിയിൽനിന്നുള്ള സിനിമ പ്രതിഭ അബ്ദുറഹ്മാൻ സാന്തോക്കിജി, പാകിസ്താനിൽനിന്നുള്ള സാബിഹ സുമാർ, ഇറാഖിൽനിന്നുള്ള മൈസൂൺ പാച്ചാച്ചി എന്നിവർ വിലയിരുത്തും.
അറബ് സിനിമ ലോകത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ പ്രതിഭകളെ ആദരിച്ചു. ഈജിപ്ഷ്യൻ സിനിമ നിർമാതാവും 34 ഫീച്ചർ ഫിലിമുകളുടെ ഉപജ്ഞാതാവുമായ സൗദി ചലച്ചിത്ര നിർമാതാവ് സാലിഹ് അൽ ഫൗസാൻ, നിരവധി അന്താരാഷ്ട്ര സിനിമ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ അമിൻ സാലെ എന്നിവരെയാണ് ആദരിച്ചത്.
സെമിനാറുകൾ, നൂതന പരിശീലന ശിൽപശാലകൾ, മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ പ്രദർശനം എന്നിവകൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ മേള. ചലച്ചിത്ര, സിനിമ വ്യവസായ മേഖലയിൽ അറബ് ലൈബ്രറിയെ സമ്പന്നമാക്കുന്നതിൽ സിനിമ സംബന്ധിയായ 18 പുസ്തകങ്ങൾ ഫെസ്റ്റിവൽ പുറത്തിറക്കും. ഇതിൽ ലോക സിനിമ പ്രതിഭകൾ എഴുതിയ വിവർത്തന പുസ്തകങ്ങളും ഉൾപ്പെടും. മേള നടക്കുന്ന എട്ടുദിവസവും 24 മണിക്കൂറും തൽസമയം ഓൺലൈനിലുടെ മേളയുടെ ഭാഗമാകാൻ പ്രേക്ഷകർക്ക് സൗകര്യമുണ്ടാകും.
2008ൽ സൗദി ചലച്ചിത്രോത്സവം ആരംഭിച്ച ശേഷമുള്ള അതിപ്രധാന മേളയായിരുന്നു കഴിഞ്ഞ വർഷം നടന്ന എട്ടാം പതിപ്പ്. ശേഷം സൗദി സിനിമയുടെ അതിദ്രുത വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാകും ഒമ്പതാം പതിപ്പ്. സൗദി സിനിമകൾ അതിന്റെ ശൈശവദശ വിട്ട് കൗമാരത്തിലേക്ക് കടന്നതിന്റെ കാഴ്ചകൂടിയായിരിക്കും ഒമ്പതാമത് ചലച്ചിത്രോത്സവമെന്ന് മേളയുടെ ഡയറകട്ർ അഹമ്മദ് അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.