ഹാഇലിൽ മരിച്ച ബിനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ: ഹാഇലിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറ 'ശ്രീ വിനായക'യിൽ ബിനു ബാബുവിന്റെ (44) മൃതദേഹമാണ് സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് ബുധനാഴ്ച നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജൂൺ 30 നാണ് ബിജുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.

ഹാഇലിലെ അൽ-അജ്ഫറിൽ പ്ലംബിങ് ജോലികൾ ചെയ്തുവരികയായിരുന്നു. മുമ്പ് അൽഖസീമിൽ ജോലി ചെയ്തിരുന്ന ബിനു ഏതാനും വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാൽ പുതിയ വിസയിൽ സൗദിയിൽ എത്തിയിട്ട് നാലുമാസം തികഞ്ഞപ്പോഴാണ് മരണം. സ്പോൺസറുടെ നിസ്സഹകരണം മൂലമാണ് നടപടികൾ പൂർത്തിയാക്കാൻ വൈകിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഒടുവിൽ റിയാദ് ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമവിഭാഗം മൃതദേഹത്തിന്റെ എംബാംമിങ്ങിന്റെയും വിമാന ടിക്കറ്റിന്റെയും ചെലവുകൾ ഏറ്റെടുത്തതോടെയാണ് നാട്ടിലെത്തിക്കാനായത്.

ഹാഇലിൽ നിന്ന് റോഡ് മാർഗം റിയാദ് എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബുധനാഴ്ച പുലർച്ചെ പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിൽ മുംബൈ വഴി തിരുവനന്തപുരം എയർപ്പോർട്ടിൽ എത്തിക്കുകയായിരുന്നു. രാത്രി ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.

മാതാവ്: ഉഷാകുമാരി. ഭാര്യ: ഷൈനി. മക്കൾ: ഹിമ (12), ഹേമന്ത് (മൂന്ന്). റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ ഹാഇൽ കെ.എം.സി.സി ഭാരവാഹികളായ ബഷീർ മാള, അബ്ദുൽ കരീം തുവ്വൂർ, ന്യൂ ഏജ് പ്രവർത്തകൻ എം. സാലി ആലുവ എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Tags:    
News Summary - The body of Binu was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.