സംഗീത കലാപ്രകടനങ്ങളുടെ രണ്ട് രാവുകൾ സമ്മാനിക്കുന്ന 'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ജിദ്ദ നഗരം ഒരുങ്ങി

ജിദ്ദ: 'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. ഇനി രണ്ട്​ നാൾ ജിദ്ദ ബലദിലെ ചരിത്ര മേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്​ചകൾക്ക്​ വേദിയാകും. അഞ്ച്​ വ്യത്യസ്ത തിയേറ്ററുകളിലായി 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ്​ കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ്​ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ 'ബലദിൽ' രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്​.

രാജ്യത്തിന്റെ പൈതൃകത്തെ അതിന്റെ പേരുകളിലൂടെ പ്രതിഫലിപ്പിക്കുന്ന മിർകാസ് സ്ക്വയർ, റോഷൻ സ്ക്വയർ, ബാബ് സ്ക്വയർ, സൂഖ് സ്ക്വയർ, ഉംദ സ്ക്വയർ എന്നിങ്ങനെയുള്ള അഞ്ച് വ്യത്യസ്ത തിയേറ്ററുകളിലാണ്​ പരിപാടികൾ നടക്കുക. അമേരിക്കൻ റാപ്പർ ബുസ്റ്റ റൈംസ്, ഡി.ജെ കാൾ കോക്സ്, ഇറ്റാലിയൻ ജോഡികളായ ടൈൽ ഓഫ് അസ്, അമേരിക്കൻ താരങ്ങളായ റിക്ക് റോസ്, ലൂപ്പ് ഫിയാസ്കോ, സാൽവറ്റോർ ജാനാച്ചി എന്നിവരാണ്​ കലാസംഘത്തെ നയിക്കുന്നത്. കൂടാതെ ആഗോള രംഗത്തെ പ്രമുഖരുടെ വലിയ സംഘവുമുണ്ടാകും. പ്രാദേശിക മേഖല പ്രതിഭകളിൽ നിന്ന് ഡോറർ, കിയാൻ, ഡാന ഹുറാനി, ബേർഡ് പിയേഴ്സൺ എന്നിവരും പങ്കെടുക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ പൊതുവായത്, വി.ഐ.ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ്​ ഒരുക്കിയിരിക്കുന്നത്​.

പൊതു ടിക്കറ്റുകൾ എടുക്കുന്നവർക്ക്​ ഫെസ്റ്റിവലിന്റെ അഞ്ച് തിയേറ്ററുകളിലേക്ക് പ്രവേശനം നൽകും​. ഒരു ദിവസത്തെ സന്ദർശനത്തിന് 399 റിയാലും രണ്ടു ദിവസങ്ങൾക്ക് ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന് 599 റിയാലുമാണ് ഈ ഇനത്തിൽ നിരക്ക്. ഒരു ദിവസത്തിന് 1,999 റിയാലും രണ്ടു ദിവസം ഒന്നിച്ചുള്ള ടിക്കറ്റിന് 2,999 എന്നിങ്ങനെയാണ് വി.ഐ.ബി ടിക്കറ്റ് നിരക്കുകൾ. വി.ഐ.ബി ടിക്കറ്റുകാർക്ക്​ ചരിത്രപരമായ കെട്ടിടങ്ങൾ സന്ദർശിക്കാനും പ്രത്യേക ഗേറ്റിലൂടെ പ്രവേശിക്കാനും ഏറ്റവും രുചികരമായ സൗജന്യ ഭക്ഷണം ആസ്വദിക്കാനും അനുവദിക്കും. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും https://mdlbeast.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായതായി എം.ഡി.എൽ ബീസ്റ്റ്​ സി.ഇ.ഒ റമദാൻ അൽഹർതാനി പറഞ്ഞു. ബലദ്​ പോലെയുള്ള ഒരു പുരാതന പ്രദേശത്ത്​ പരിപാടി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്​. ഫെസ്​റ്റിവലിന്റെ പൊതുശേഷി പ്രതിദിനം 12,000 സന്ദർശകരിൽ കവിയരുതെന്ന് നിർണ്ണയിച്ചിട്ടുണ്ട്​. പ്രദേശത്തെ പുരാതന കെട്ടിടങ്ങൾക്ക്​ ശബ്​ദ പ്രകമ്പനങ്ങളുടെ ആഘാതമൊഴിവാക്കാൻ സുരക്ഷ ഉറപ്പുനൽകുന്ന ഡിഗ്രിയിൽ എത്തുന്നതുവരെ രണ്ടാഴ്ചയോളം തങ്ങൾ ശബ്​ദ പരിശോധനകൾ നടത്തിയതായും സി.ഇ.ഒ പറഞ്ഞു. പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നതിനും സംഗീതം, കല, ചരിത്രം, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ അനുഭവം നൽകാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സി.ഇ. ഒ പറഞ്ഞു.

Tags:    
News Summary - The city of Jeddah is ready for the Balad Beast festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.