റിയാദ്: ജൂലൈ ഒന്നുമുതൽ മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കിയതിനു പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കൂടിയതായി സൗദി സകാത് ആൻഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. നികുതി വർധിപ്പിച്ചതോടെ ജീവിതച്ചെലവ് ഉയർന്നതാണ് ഇതിന് പ്രധാന കാരണമായത്.
പണപ്പെരുപ്പം വർധിക്കുന്നത് ചെലവ് വർധിപ്പിക്കുമെന്നതിനാൽ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്. അഞ്ചു ശതമാനത്തിൽനിന്ന് 15 ശതമാനമായാണ് വാറ്റ് കൂട്ടിയത്. ജൂലൈ മുതൽ തന്നെ പണപ്പെരുപ്പവും കൂടി. ജൂണിൽ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികുതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് മേഖലയിലെ ചില ഇടപാടുകളിൽ നികുതി ഒഴിവാക്കിക്കൊടുത്തു.
എങ്കിലും കഴിഞ്ഞ മാസവും പണപ്പെരുപ്പം 5.8 ശതമാനമായി നിലനിൽക്കുന്നു. വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത് ആൻഡ് ടാക്സ് അതോറിറ്റി തന്നെ വ്യക്തമാക്കി. ജനങ്ങൾ നികുതി കാരണം ചെലവ് കുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. അവശ്യവസ്തുക്കളുടെ വിലവർധനയാണ് ഇതിന് കാരണം.
ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലയേറ്റമുണ്ടായതായി അതോറിറ്റി സൂചിപ്പിക്കുന്നുണ്ട്. സ്ഥിരമായി പണപ്പെരുപ്പം കൂടുന്നത് സാമ്പത്തിക രംഗത്ത് ഗുണമുണ്ടാക്കില്ല.ഇതിനാൽ തന്നെ ഓരോ ആഴ്ചയിലും സ്ഥിതി അതോറിറ്റി പരിശോധിക്കുന്നുണ്ട്. വർധിപ്പിച്ച വാറ്റ് അടുത്ത വർഷവും തുടരുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.