യാംബു: സൗദിയുടെ പൊതുധനസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ നിലവിലുള്ള മൂല്യവർധിത നികുതിയിൽ (വാറ്റ്) ഇളവ് നടത്താൻ കഴിയുമോ എന്ന കാര്യം ആലോചിക്കുന്നതായി അധികൃതർ. ഈ മേഖലയിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും മൂല്യവർധിത നികുതി കുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. സൗദിയുടെ സാമ്പത്തിക സുസ്ഥിരതക്കുള്ള നയം ജി.ഡി.പി നിശ്ചിത ശതമാനത്തിൽ താഴെയാകാതിരിക്കാൻ സഹായിക്കും. സാമ്പത്തിക സുസ്ഥിരത പദ്ധതി സമ്പദ് വ്യവസ്ഥയെ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളിൽനിന്ന് വേർതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് 2022ലെ ബജറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് എണ്ണസമ്പദ് മേഖലയല്ലാത്ത ഇതര വിഭാഗങ്ങൾക്ക് നിരവധി സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായകമാകും.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൗദി ഒരു ട്രില്യൺ റിയാൽ കരുതൽ ധനം ചെലവഴിച്ചിരുന്നു. ഈ വർഷം മാർച്ച് അവസാനത്തോടെ സൗദി സെൻട്രൽ ബാങ്കിന്റെ ആസ്തി 1.63 ട്രില്യൺ (435 ബില്യൺ റിയാൽ) എത്തി. കോവിഡ് മഹാമാരി ഏൽപിച്ച ആഘാതം എണ്ണ മേഖലയെ ബാധിച്ചപ്പോഴാണ് മൂല്യവർധിത നികുതി മൂന്നിരട്ടി വർധിപ്പിച്ചത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു. 2022ലെ ആദ്യ മൂന്നു മാസങ്ങളിൽ സൗദിക്ക് 15.33 ബില്യൺ ഡോളറിന്റെ ബജറ്റ് മിച്ചം ഉണ്ടാക്കാൻ കഴിഞ്ഞതായും ധനമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.