ജിദ്ദ: ഉംറ തീർഥാടനം രണ്ടാംഘട്ടം ഞായറാഴ്ച ആരംഭിക്കും. രണ്ടാഴ്ച നീണ്ടു നിൽക്കുന്നതാണിത്. ഇൗ ഘട്ടത്തിൽ 'ഇഅ്തമർനാ' ആപ്പിലൂടെ അനുമതി പത്രം നേടുന്ന രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന തീർഥാടകരെ മക്കയിൽ പ്രവേശിപ്പിക്കും. ആളുകളെ ഹറമിൽ നമസ്കരിക്കാനും മസ്ജിദുന്നബവിയിലെ റൗദ സന്ദർശിക്കാനും അനുവദിക്കും. ഇൗ ഘട്ടത്തിൽ രണ്ടര ലക്ഷം തീർഥാടകരെയാണ് ഉംറക്ക് അനുവദിക്കുന്നത്. ആറുലക്ഷത്തോളം പേർ നമസ്കരിക്കാൻ ഹറമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ദേശീയ സമിതി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു.
ഹജ്ജ്–ഉംറ മന്ത്രാലയം പ്രഖ്യാപിച്ച ഷെഡ്യുളനുസരിച്ച് നവംബർ ഒന്ന് (റബീഉൽ അവ്വൽ 15) മുതൽ വിദേശരാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ അനുവദിക്കും. എന്നാൽ, രാജ്യത്തേക്ക് അവരുടെ വരവ് സംബന്ധിച്ച് മറ്റു കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏതൊക്കെ രാജ്യങ്ങൾക്കാണ് അനുമതി എന്ന തീരുമാനം എല്ലാവരും കാത്തിരിക്കുകയാണെന്നും ഹാനി അലി അൽഉമൈരി പറഞ്ഞു. മുൻകരുതൽ നടപടിയായി ബസുകളിൽ തീർഥാടകരുടെ എണ്ണം സീറ്റുകളുടെ 40 ശതമാനത്തിൽ കവിയരുതെന്നും ഒരു റൂമിൽ രണ്ടാളുകളിൽ കൂടുതൽ താമസിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഉംറ നിർവഹിക്കുന്നതിനും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മദീന റൗദ സന്ദർശനത്തിനും ഇഅ്തമർനാ ആപ് വഴി അനുമതി പത്രം നേടിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിനാണ് അന്ന് തുടക്കം കുറിച്ചത്. പ്രതിദിനം ആറു സമയങ്ങളിലായി 6,000 തീർഥാടകരെ മാത്രമാണ് ഉംറക്ക് അനുവദിച്ചത്. ഹജ്ജ്–ഉംറ മന്ത്രാലയത്തിെൻറ 'ഇഅ്തമർനാ' ആപ്പിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുന്നവരെ മാത്രമാണ് മക്കയിൽ പ്രവേശിപ്പിക്കുന്നത്. പ്രതിദിനം ആറായിരം പേർ വീതം നിലവിൽ ഉംറ നിർവഹിക്കുകയാണ്. ഞായറാഴ്ച മുതൽ രണ്ടാംഘട്ടം ആരംഭിക്കുന്നതോടെ പ്രതിദിന എണ്ണം വർധിപ്പിക്കും. നിരവധി ആളുകളാണ് ഉംറക്ക് റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. രണ്ടാംഘട്ടത്തിലും 'ഇഅ്തമർനാ' ആപ് വഴിയാണ് ഉംറക്ക് അനുമതി നൽകുക. മസ്ജിദുൽ ഹറാമിൽ നമസ്കരിക്കുന്നതിനും റൗദ സന്ദർശനത്തിനുമുള്ള അനുമതിപത്രം കൂടി ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.