ജിദ്ദ: ഇന്ത്യയിൽ നിരന്തരം ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ 'അവകാശ ധ്വംസനങ്ങൾക്കെതിരെ' എന്ന തലക്കെട്ടിൽ ജിദ്ദ തനിമ വനിത വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വനിതകൾ പങ്കെടുത്തു. പരിപാടിയിൽ ടി.കെ. ഫിദ വിഷയാവതരണം നടത്തി. ബാബരി ധ്വംസനം മുതൽ ഹിജാബ് വരെ നീളുന്ന ഹിന്ദുത്വ വംശീയ അജണ്ടയിൽ അനുകൂല നിലപാട് സ്വീകരിക്കുന്ന നീതിന്യായ വ്യവസ്ഥയിൽ ആകുലതയുണ്ട്. പ്രതിസന്ധികൾ പോരാട്ടവീര്യത്തോടെ നേരിടണമെന്നും വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാതെ സത്യം ഉറക്കെപ്പറഞ്ഞു കൊണ്ടാകണമെന്നും അവർ അഹ്വാനം ചെയ്തു.
ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം ചെയ്തികൾക്ക് നേരെ പൊതുസമൂഹവും സംസ്കാരിക നായകരും കാണിക്കുന്ന മൗനം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച തനിമ വനിത വിഭാഗം സൗത്ത് സോൺ പ്രസിഡന്റ് റുക്സാന മൂസ അഭിപ്രായപ്പെട്ടു. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും മുഖ്യധാരയിലുള്ള അവരുടെ വളർച്ചയുമാണ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നത്.
പുതുതലമുറയെ രാഷ്ട്രബോധവും പ്രതികരണ ശേഷിയുമുള്ളവരാക്കി വളർത്തേണ്ടത് ഏറെ പ്രസക്തമാണെന്ന് സെമിനാറിൽ സംസാരിച്ച റജിയ വീരാൻ (സാമൂഹിക പ്രവർത്തക), ലൈല ടീച്ചർ (ഒ.ഐ.സി.സി മഹിളാവേദി), സുഹറ ബഷീർ (പ്രവാസി ജിദ്ദ), റെജി അൻവർ (അധ്യാപിക), റജീന നൗഷാദ് (എഴുത്തുകാരി), സക്കീന ഓമശ്ശേരി (കവയിത്രി) എന്നിവർ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ വിദ്യാഭ്യാസ മേഖലയിലുള്ള ഇത്തരം ഇടപെടൽമൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ സ്റ്റുഡന്റ്‌സ് ഇന്ത്യ ഗേൾസ് പ്രതിനിധി അമൽ അഷ്റഫ് ആശങ്ക പ്രകടിപ്പിച്ചു. മൗഷ്മി ശരീഫ്, ഇർഫാന സജീർ എന്നിവർ സദസ്സിനെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു. ശഹർബാൻ ശിഹാബ്, ജലീല, തസ്‌ലിം അനസ് എന്നിവർ ഹിജാബ് വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച കഥാപ്രസംഗം ഏറെ ശ്രദ്ധേയമായി. ജിദ്ദയിലെ പ്രമുഖ അഭിഭാഷകനും ലീഗൽ അഡ്വൈസറുമായ ബഷീർ അപ്പക്കാടൻ തയാറാക്കിയ സ്ത്രീ സുരക്ഷ നിയമങ്ങൾ സലീഖത്ത് ഹബീബ് സെമിനാറിൽ അവതരിപ്പിച്ചു.
'ഹിജാബ് എന്റെ വ്യക്തിത്വമാണ്' എന്നെഴുതിയ ബാഡ്ജ് ധരിച്ച് നൂറോളം പേർ പങ്കെടുത്ത സെമിനാറിൽ ഹിജാബ് നിരോധനത്തിനെതിരെ പ്ലക്കാർഡുകളുമായി തനിമ വനിത വിഭാഗം ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. തസ്‌ലീമ അഷ്റഫ് സ്വാഗതവും നജാത്ത് സക്കീർ ഉപസംഹാരവും നിർവഹിച്ചു. ശാമില ഷൗക്കത്ത് ഖിറാഅത്ത് നടത്തി. മുഹ്‌സിന നജ്മുദ്ദീൻ, ഷഹനാസ് ഇസ്മായിൽ, സുബൈദ മുഹമ്മദ് കുട്ടി, തസ്‌നീം നിസാർ, ഫാത്തിമ എരഞ്ഞിക്കൽ, ഷഹനാസ് ഗഫൂർ, സുലൈഖ അഷ്‌റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.