ജിദ്ദ: ഇസ്രായേലിെൻറ മാനുഷികതയും മര്യാദയും ലംഘിച്ചുള്ള അധിനിവേശത്തിനെതിരിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന ലജ്ജാകരമായ നിശ്ശബ്ദതയെ വിമർശിച്ച് അറബ് പാർലമെൻറ്. ശനിയാഴ്ച അറബ് പാർലമെൻറ് പ്രസിഡൻറ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയുടെ നേതൃത്വത്തിൽ കൈറോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന യോഗം ഫലസ്തീൻ ജനതക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
അധിനിവേശ ശക്തി ഫലസ്തീനിൽ വംശഹത്യയുദ്ധം തുടരുന്നതും ഗസ്സയിലും പരിസരങ്ങളിലും നിഷ്ഠുരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും യുദ്ധക്കുറ്റമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളായ സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമിട്ടാണ് ആക്രമണം. നൂറുകണക്കിനാളുകൾ മരിക്കാനും ആയിരങ്ങൾക്ക് പരിക്കേൽക്കാനുമിടയാകുന്നതാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യം. വലിയ മാനുഷിക ദുരന്തമാണ് സംഭവിക്കുന്നതെന്നും അന്താരാഷ്ട്രസമൂഹം ഇതിനെതിരെ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.
മേഖലയിലെ പുതിയ സംഭവവികാസങ്ങൾ യോഗം ചർച്ചചെയ്തു. ഫലസ്തീനിലെ സ്ഥിതിഗതികളുടെ ഗൗരവത്തെക്കുറിച്ചും മനുഷ്യത്വരഹിതമായ നടപടികളെക്കുറിച്ചും അന്താരാഷ്ട്രസമൂഹം ഇനിയും നിശ്ശബ്ദത തുടർന്നാൽ മേഖലയിൽ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്നും അത് വലിയ അപകടങ്ങളിലേക്ക് നയിക്കപ്പെടുമെന്നും യോഗം മുന്നറിയിപ്പ് നൽകി. അറബികളുടെ പ്രഥമവും കേന്ദ്രീയവുമായ പ്രശ്നം കടന്നുപോകുന്ന ഈ നിർണായകനിമിഷത്തിൽ ഫലസ്തീൻ ജനതയോട് സമ്പൂർണമായി ഐക്യപ്പെടുകയാണെന്നും അറബ് പാർലമെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.