ഹാഇൽ: സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെ തെരുവോരങ്ങളിലും പാർക്കുകളിലും മഞ്ഞപ്പൂക്കളുമായി പൂത്തുലഞ്ഞ് നിന്ന് അക്കേഷ്യ ഗ്ലോക്ക മരങ്ങൾ സുവർണ പ്രഭ ചൊരിയുന്നു. കൺനിറയെ കാണാൻ സ്വർണനിറത്തിൽ പൂത്തുലഞ്ഞ മരങ്ങളുടെ തിളങ്ങുന്ന കാഴ്ചകൾ ശരത്കാലത്തിന്റെ പ്രത്യേകതയാണ്. ഹാഇൽ മുനിസിപ്പാലിറ്റി അധികൃതർ ഇതിനകം 25,000ത്തിലധികം ഇതിനായി പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ റോഡരികുകളിലും പാർക്കുകളിലും നടീൽ പൂർത്തിയാക്കിയിട്ടുണ്ട്.
നഗരത്തിന് വ്യതിരിക്തമായ ഒരു സൗന്ദര്യാത്മക സ്പർശം നൽകാനും സന്ദർശകരെ ആകർഷിക്കാനും കാൽനടയാത്രക്കാർക്കും സഞ്ചാരികൾക്കും ആസ്വാദ്യകരവും ഉന്മേഷദായകവുമായ അനുഭവം പ്രദാനം ചെയ്യാനും ലക്ഷ്യം വെച്ചാണ് അധികൃതർ പദ്ധതി നടപ്പാക്കിയത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രകൃതി രമണീയമായ നഗരം എന്ന ആശയം കൈവരിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അക്കേഷ്യ ഗ്ലോക്ക മരങ്ങൾ ഉയർന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യമുള്ള ഒരു ഇനമാണ്. കഠിനവും വരണ്ടതുമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഈ മരത്തിന് കഴിയുന്നു. മരുഭൂകരണത്തെ ചെറുക്കുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് അനുയോജ്യമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഈ മരങ്ങൾ ഹരിതാഭമായ പരിസ്ഥിതിക്ക് വേണ്ടി പ്രദേശത്തേക്ക് തെരഞ്ഞെടുത്തത്.
അക്കേഷ്യ ഗ്ലോക്കയെ വ്യത്യസ്തമാക്കുന്നത് അതിെൻറ ചെറുതും ആകർഷകവുമായ പച്ചയിലകളും ജലനഷ്ടം കുറക്കുന്ന ആഴത്തിലുള്ള വേരുകളുമാണ്. പ്രത്യേക ബാക്ടീരിയകൾ വഴി മണ്ണിൽ നൈട്രജൻ ഉറപ്പിക്കുന്നതിനും അവയുടെ വേരുകൾ സംഭാവന ചെയ്യുന്നു. ഇത് അതിന്റെ ഫലഭൂയിഷ്ഠതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും നഗരപ്രദേശങ്ങളെ മനോഹരമാക്കുന്നതിലും ഈ മരങ്ങൾക്ക് പ്രധാന പങ്കുണ്ട്.
അക്കേഷ്യ ഗ്ലോക്ക മരങ്ങൾ മരുഭൂപ്രദേശങ്ങളിൽ ഏഴ് മീറ്റർ ഉയരത്തിലും ഏകദേശം മൂന്ന് മീറ്റർ വീതിയിലും ഇവ വേഗത്തിൽ വളരുന്നു. ഉഷ്ണമേഖലാ ഏഷ്യയിലും വടക്കുകിഴക്കൻ ഓസ്ട്രേലിയയിലുമാണ് ഇതിെൻറ ജന്മദേശം. പൂർണ സൂര്യപ്രകാശത്തിലും നനച്ചാൽ ഉയർന്ന താപനിലയിലും മരുഭൂമിയിൽ അക്കേഷ്യ ഗ്ലോക്ക മരങ്ങൾ നന്നായി വളരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.