റാബിഗ്: കൈക്കൂലി വാങ്ങിയ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ. റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തെ സകാത്ത്-ടാക്സ്-കസ്റ്റംസ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ആറ് വിദേശി താമസക്കാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസെന്ന് കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) വ്യക്തമാക്കി.
കൈക്കൂലിയായി മൊത്തം 2,232,000 റിയാൽ മൂവരും കൂടി കൈപ്പറ്റിയെന്നാണ് കേസ്. കൂടാതെ നിയന്ത്രിത പെട്രോളിയം ഉൽപന്നങ്ങളുടെ (ഡീസൽ) 372 ഷിപ്പിങ് കണ്ടെയ്‌നറുകൾ കടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇതിനായി വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ വ്യാജമായി ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയ പ്രതികൾ ഇതിന് പ്രതിഫലമായി പല ഗഡുക്കളായി പണം കൈപ്പറ്റിയെന്നാണ് കുറ്റപത്രം. കൈക്കൂലി നൽകിയ വിദേശികൾക്കെതിരെയും നിയമനടപടികളും അന്വേഷണവും തുടരുകയാണ്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നസഹ തുടരുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ കമീഷെൻറ മുമ്പിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അധികാര ദുർവിനിയോഗം, അഴിമതി എന്നിവയെ കുറിച്ച് അറിവുള്ളവർ 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന ഫാക്സ് നമ്പറിലോ സമൂഹ മാധ്യമ അകൗണ്ടുകൾ വഴിയോ അറിയിക്കാൻ ‘നസഹ’ വൃത്തങ്ങൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.