ജിദ്ദ: ഹജ്ജിനായി മക്കയിലെത്തുന്നവരെ സ്വീകരിക്കാനും ആരോഗ്യ മുൻകരുതൽ പാലിച്ച് മിനയിലെത്തിക്കാനും സമയബന്ധിതവും വ്യവസ്ഥാപിതവുമായ പദ്ധതിയാണ് ഹജ്ജ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. സാഇദിയെ സ്വീകരണ കേന്ദ്രത്തിലെത്തുന്നവരുമായി ഹറമിലേക്ക് തിരിക്കുന്ന ബസുകൾ ഷുബൈക്ക മുറ്റത്താണ് തീർഥാടകരെ ഇറക്കുക. നവ്വാരിയ സ്വീകരണ കേന്ദ്രത്തിലെത്തുന്നവരെ കിങ് അബ്ദുൽ അസീസ് വഖഫ് സ്റ്റേഷനിലും ശറാഅ, അൽഹദാ സ്വീകരണ കേന്ദ്രത്തിലെത്തുന്നവരെ അജിയാദ് സ്വാഫി ബസ് സ്റ്റേഷനിലുമാണ് ഇറക്കുക.
ഒാരോ സ്വീകരണ കേന്ദ്രങ്ങളിൽനിന്നുള്ളവർക്ക് പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. ത്വവാഫുൽ ഖുദൂം കഴിഞ്ഞാൽ മുഴുവൻ തീർഥാടകരെയും 'ബാബ് അലി' ബസ് സ്റ്റേഷനിൽനിന്നാണ് മിനയിലെ ജംറ പാലം മുറ്റങ്ങളിലെത്തിക്കുക. ഇതിനായി ചെയിൻ സർവിസ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 200ലധികം ബസുകൾ സർവിസിനുണ്ടാകും. ഒാരോ ബസിലും 20 പേർ മാത്രമായിരിക്കും. ഡ്രൈവർക്ക് പുറമെ ഒരു ഗൈഡുമുണ്ടാകും. ഒാരോ യാത്രക്കുശേഷവും ബസ് അണുമുക്തമാക്കും. മാസ്ക് ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരും. സ്റ്റെറിലൈസർ ലഭ്യമാക്കും. മിനയിൽ ഒാരോ നിറത്തിനും വ്യത്യസ്ത പാതകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ തീർഥാടകർക്ക് മിനയിലെ നിശ്ചിത താമസ സ്ഥലത്തെത്താൻ കഴിയും.
ജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും ജിദ്ദ വിമാനത്താവളത്തിൽ പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സിവിൽ ഏവിയേഷൻ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതലാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് തീർഥാടകരെത്തിത്തുടങ്ങുക.
ടെർമിലൽ ഒന്നിലൂടെയാണ് തീർഥാടകരെത്തുക. വിമാനത്താവളത്തിലെത്തുന്ന തീർഥാടകരെ പിന്നീട് മക്കയിലെ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കും. യാത്രക്ക് ആവശ്യമായ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ: മസ്ജിദുൽ ഹറാമും മുറ്റങ്ങളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായി ഹജ്ജ് സുരക്ഷ സേന അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു. ശനിയാഴ്ച മുതൽ തീർഥാടകരെത്തിത്തുടങ്ങും. ഹറമിനടുത്ത് അജിയാദ്, കിങ് അബ്ദുൽ അസീസ് ഗേറ്റ്, ഷുബൈക എന്നീ സ്റ്റേഷനുകളിലൂടെയാണ് തീർഥാടകരെത്തുക.
ഒാരോ സ്റ്റേഷനുകളിലെത്തുന്നവർക്കും ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനായി ഹറമിലേക്ക് പ്രവേശിക്കാൻ പ്രത്യേക പാതകൾ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ ഹറമിനടുത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭ്യമായ ഉപകരണം വഴി അനുമതിപത്രം സാേങ്കതികമായി വായിക്കാൻ കഴിയുമെന്നും ഹജ്ജ് സുരക്ഷ സേന അസി. കമാൻഡർ പറഞ്ഞു.
മക്ക: ഹജ്ജ് നിർദേശങ്ങൾ ലംഘിച്ച 113 പേർ പിടിയിലായി. ഹജ്ജ് സുരക്ഷസേനയാണ് ഇത്രയും പേരെ പിടികൂടിയത്. ഇവർക്കെതിരെ ഒരാൾക്ക് പതിനായിരം റിയാൽ എന്ന തോതിൽ പിഴ ചുമത്തിയിട്ടുണ്ട്.
ദുൽഹജ്ജ് 13 വരെ ഹറമിലേക്കും പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്ന് ഹജ്ജ് സുരക്ഷസേന വക്താവ് ബ്രിഗേഡിയർ ജനറൽ സാമി ശുവൈറഖ് പറഞ്ഞു.
പൗരന്മാരും താമസക്കാരും ഹജ്ജ് നിർദേശങ്ങൾ പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.