യാംബു: ആത്മനിർവൃതിയുടെ അനുഗ്രഹാശിസ്സുകളുമായി പടികടന്നെത്തുന്ന പുണ്യറമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി വിശ്വാസി സമൂഹം. ആത്മീയമായ ഉണർവുപകർന്നുനൽകുന്ന റമദാൻ നിലാവിനെ വരവേൽക്കാൻ പ്രവാസലോകത്തെ സ്വദേശികളും വിദേശികളുമായ വിശ്വാസികൾ എങ്ങും തയാറെടുക്കുകയാണ്. കോവിഡ് പ്രതിസന്ധി തെല്ലൊന്നൊഴിഞ്ഞ റമദാനാണ് സമാഗതമായിരിക്കുന്നത്. കടുത്ത മഹാമാരിക്കാലത്തായിരുന്നു കഴിഞ്ഞ രണ്ടു റമദാനും.
സാമൂഹിക അകലം ആവശ്യമില്ലാതെ പള്ളിയിലും മറ്റും പ്രാർഥനക്കെത്താൻ ഈ വർഷം കഴിയുന്നതിൽ ഏറെ സന്തോഷിക്കുന്നവരാണ് വിശ്വാസികൾ. മക്കയിലും മദീനയിലുമുള്ള ഇരു ഹറം മസ്ജിദുകളിലും സാമൂഹിക അകലം ആവശ്യമില്ലാതെ തീർഥാടകർക്ക് പ്രാർഥനക്കെത്താൻ അവസരം ലഭിക്കുന്നതും ഏറെ സന്തോഷകരമാണ്. എല്ലാ സൗകര്യങ്ങളും ഇരു ഹറം പള്ളികളിലും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കി വ്രതശുദ്ധിയുടെ മാസത്തെ സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ ആദ്യത്തോടെ റമദാൻ മാസത്തിന് നാന്ദി കുറിക്കും. പ്രതീക്ഷയുടെയും ആത്മീയ ഉണർവിന്റെയും സമയമാണ് ആഗതമായിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലെ മതകാര്യവകുപ്പിന്റെ മേൽ നോട്ടത്തിൽ റമദാൻ ദിനങ്ങൾ പവിത്രമാക്കാൻ വേണ്ട മുന്നൊരുക്കം ആസൂത്രണപൂർവം ചെയ്തുവരുന്നു. റമദാൻ ദിനങ്ങളിലെ പവിത്രതക്ക് ഭംഗം വരുത്തുന്ന പ്രവണതകൾ നിരീക്ഷിക്കുവാനും നടപടിയെടുക്കുവാനും വേണ്ട സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. റമദാനിലെ ഭക്ഷ്യ സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതി നുള്ള മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടന്നുവരുന്നു.
ജീവിതത്തിലെ കറകൾ ഈ നാളുകളിൽ കഴുകാനും മനസ്സ് സ്ഫുടം ചെയ്യാനും ഓരോ വിശ്വാസിക്കും കഴിയുന്നു. അഴുക്കില്ലാത്ത പുതിയ മനസ്സിൽ ഇനി ഭക്തിയുടെ കതിർ വളരുകയാണ്. നമ്മുടെ ശീലങ്ങളിലാണ് ഓരോ റമദാൻ വ്രതവും ഇടപെടേണ്ടത്. ദുശ്ശീലങ്ങളെ അകറ്റി നല്ല ശീലങ്ങളെ അടുപ്പിച്ച് നിർത്താനുള്ള ഒരുക്കങ്ങളുടെ കാലമാണ് റമദാൻ. റമദാനിലെ ദിനരാത്രങ്ങളിൽ തിളക്കവും ആത്മീയ പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞവർ ധന്യരായി. പരിശുദ്ധ ഖുർആന്റെ അവതരണത്തിന് സമാരംഭം കുറിച്ച ഈ മാസം ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യകരവുമായ മാസമാണ്. ഈ മാസത്തിലെ പുണ്യകരമായ പ്രവർത്തനങ്ങൾക്കും ദാനധർമങ്ങൾക്കും വിശുദ്ധ ഖുർആൻ പാരായണത്തിനും കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അതുകൊണ്ടുതന്നെയാണ് മുസ്ലിം ലോകം റമദാനിൽ സുകൃതങ്ങൾ അധികരിപ്പിക്കാൻ കൂടുതൽ ജാഗ്രത കാണിക്കുന്നത്. പാപമോചനത്തിനുള്ള അസുലഭ സന്ദർഭമാണ് റമദാൻ ദിനരാത്രങ്ങൾ. നോമ്പും രാത്രിയിലെ നമസ്കാരവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം പാപമോചനത്തിന്റെ സവിശേഷ സന്ദർഭങ്ങളാണെന്ന് പ്രവാചക വചനങ്ങളിൽ പ്രത്യേകം പരാമർശിക്കുന്നു. വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ അറബ് രാജ്യങ്ങൾ റമദാനിൽ ഒരുക്കുന്ന തിളക്കമാർന്ന സൗകര്യങ്ങൾ പ്രവാസികളെ ഏറെ സ്വാധീനിക്കുന്നു. ജോലിസമയത്തെ ലഘൂകരണം, ആകർഷണീയമായ ഖുർആൻ പാരായണത്തോടെയുള്ള സംഘടിത നമസ്കാരം തുടങ്ങിയവ എല്ലാവരെയും ആകർഷിക്കുന്നു.
പരസ്പര ഐക്യത്തിലും സ്നേഹത്തിലും കഴിയുന്ന ശാന്തമായ ആത്മീയമായ അന്തരീക്ഷമാണ് ഗൾഫ് നാടുകളിലെങ്ങും അനുഗ്രഹങ്ങളുടെ റമദാനിൽ നമുക്ക് ദർശിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.