അൽ ഖോബാറിൽ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടം
അൽ ഖോബാർ: ടയർ പഞ്ചറായതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനമിടിച്ച് സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. മൂന്ന് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഞായറഴ്ച ഉച്ചക്ക് അൽ ഖോബാർ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള അപകടത്തിൽ ബിഹാർ സ്വദേശി സുഭാഷ് (40) ആണ് മരിച്ചത്. അൽ മാജിദ് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും കൊണ്ട് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽ പെട്ടത്.
ടയർ പഞ്ചറായത് അതുവഴി പോയ കാറിന്റെ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോൾ പിന്നിൽ നിന്ന് മറ്റൊരു സ്കൂൾ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വന്ന് ശക്തിയായി നിർത്തിയിട്ട ബസിൽ ഇടിക്കുകയായിരുന്നു. ഏതാനും മീറ്റർ ദൂരം മുന്നിലേക്ക് വാഹനത്തെ നീക്കിക്കൊണ്ട് പോയി. ഇതിനടിയിൽപ്പെട്ട ഡ്രൈവർ മുന്നിലുള്ള ഡിവൈഡറിൽ ഞെരിഞ്ഞമർന്ന് തൽക്ഷണം മരിച്ചു.
ബസിലുണ്ടായിരുന്ന കുട്ടികളിൽ മൂന്നു പേർക്ക് നിസാര പരിക്കേറ്റു. അവരെയും ഡ്രൈവറുടെ മൃതദേഹത്തെയും റെഡ് ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബസിലുള്ള അധ്യാപകരും മറ്റു കുട്ടികളും സുരക്ഷിതരാണ്. മരിച്ച സുഭാഷ് ദീർഘകാലം ഈ സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.