യാംബു: ടൂറിസം മേഖലയിലെ വൻ കുതിപ്പ് ലക്ഷ്യംവെച്ച് സൗദി ടൂറിസം അതോറിറ്റി (എസ്.ടി.എ) പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുന്നു. ടൂറിസം വികസന രംഗത്ത് ആഭ്യന്തര സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യംവെച്ചാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സ്വകാര്യ ഏജൻസികളുടെ കൂടി പങ്കാളിത്തത്തോടെ 'ടൂറിസം ഷേപ്പേഴ്സ്' പദ്ധതിയാണ് ഇപ്പോൾ അതോറിറ്റി നടപ്പാക്കാനൊരുങ്ങുന്നത്. ടൂറിസം മേഖലയിൽ മുതൽ മുടക്കാൻ തയാറുള്ള സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും പദ്ധതിയിൽ ചേരുന്നത് വഴി നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്ന് ടൂറിസം അതോറിറ്റി കണക്കുകൂട്ടുന്നു.
രാജ്യത്തുടനീളം വിവിധ പദ്ധതികളിൽ ചെറുകിട ബിസിനസുകാരും ഇടത്തരം ബിസിനസുകാരും പങ്കാളികളാണ്. എന്നാൽ, ടൂറിസം മേഖലയിൽ മുതൽ മുടക്കിയാൽ മറ്റേത് സംരംഭങ്ങളെക്കാളും നേട്ടം കൊയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സൗദി ടൂറിസം അതോറിറ്റിയുടെ സി.ഇ.ഒ ഫഹദ് ഹാമിദുദ്ദീൻ പറഞ്ഞു. ടൂറിസം മേഖലയിലെ മികവുറ്റ അവസരങ്ങൾ തിരിച്ചറിഞ്ഞ് സന്ദർശകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെ കൂടുതൽ വരുമാനമാർഗങ്ങൾ മുതൽമുടക്കുന്നവർക്ക് ലഭ്യമാക്കാൻ കഴിയുമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിലെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നവർക്ക് പ്രത്യേക പരിശീലനവും നൽകാൻ സൗദി ടൂറിസം അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചുള്ള വെബിനാറുകൾ ഇതിനായി ഒരുക്കിക്കഴിഞ്ഞു. പ്രധാന സ്ഥിതിവിവരക്കണക്കുകൾ, ടൂറിസം രംഗത്തെ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് സംരംഭകരെ സജ്ജമാക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന ഓരോ സെഷനും വ്യത്യസ്ത വിഷയത്തിൽ ഊന്നിയായിരിക്കും സംഘടിപ്പിക്കുക. ടൂറിസം മേഖലയിൽ വൈദഗ്ധ്യമുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് ഓരോ വെബിനാറുകളും ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ടൂറിസം ആഗോളതലത്തിൽ തന്നെ ദ്രുതഗതിയിൽ വളരുന്ന മേഖലയാണ്. കാലോചിതമായ മാറ്റങ്ങളും പുതിയ സാധ്യതകളും കണ്ടെത്താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിയണം. ഇതിന് ഫലപ്രദമായ ആസൂത്രണവും വിദഗ്ധരുടെ പങ്കാളിത്തവും അനിവാര്യമാണെന്നും ടൂറിസം അതോറിറ്റി മനസ്സിലാക്കുന്നു. പുതിയ വ്യവസായ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്താനും അതുവഴി രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്ക് വൻ കുതിപ്പിനും വഴിവെക്കുമെന്നും കണക്കുകൂട്ടുന്നു. ഈ രംഗത്തെ പുതിയ പഠനങ്ങളും അവസരങ്ങളും വിഷയമാക്കിയുള്ള വെബിനാറുകൾ 'ടൂറിസം ഷേപ്പേഴ്സ് വെബ്സൈറ്റ്' വഴി പ്രക്ഷേപണം ചെയ്യാനും സൗദി ടൂറിസം അതോറിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.