യാംബു: അറബ് പുരാതന സംസ്കാരത്തിെൻറ പൈതൃക കാഴ്ചകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യാംബു ടൗൺ ഹെറിറ്റേജ് പാർക്കിൽ ആരംഭിച്ച പൈതൃകോത്സവം കാണാൻ ക്രൂയിസ് കപ്പൽ സഞ്ചാരികളുമെത്തി.
ചെങ്കടലിൽ വിനോദയാത്രക്ക് പോയ സൗദി ടൂറിസം വകുപ്പിെൻറ ആഡംബര കപ്പലിലെ വിനോദസഞ്ചാരികളാണ് പൈതൃകോത്സവ നഗരി സന്ദർശിച്ചത്. യാംബു വാണിജ്യ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽനിന്ന് സഞ്ചാരികളെ യാംബു ഗവർണർ സഅദ് ബിൻ മർസൂഖ് അൽ സുഹൈമിയുടെ നേതൃത്വത്തിൽ നഗരിയിലേക്ക് സ്വാഗതം ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെങ്കടൽ ക്രൂയിസ് വിനോദസഞ്ചാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ജിദ്ദയിൽനിന്നും ചെങ്കടലിലൂടെ യാംബു, ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ തീരക്കാഴ്ചകൾ കണ്ടുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് യാത്ര നടത്തും വിധമുള്ള വിവിധ പാക്കേജുകളുണ്ട്.
യാത്രക്കിടെ തീരപ്രദേശങ്ങളിലെ റിസോർട്ടുകളിൽ തങ്ങാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. സ്റ്റാർ ഹോട്ടലുകൾ, ആഡംബര റസ്റ്റാറൻറുകൾ, വലിയ തിയറ്ററുകൾ, െഗയിം സോൺ, നീന്തൽക്കുളങ്ങൾ, ജിം ഹാൾ തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമെ, നിരവധി വിനോദ, വിദ്യാഭ്യാസ, പര്യവേക്ഷണ പരിപാടികൾ ആസ്വദിക്കുന്നതിനും കപ്പലിൽ അവസരമുണ്ട്.
സ്റ്റീം ബാത്ത് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളമുള്ള കപ്പലിൽ യാത്രികർക്ക് എല്ലാസേവനങ്ങൾക്കും ആവശ്യമായ പരിചാരകരുമുണ്ട്. രുചികരമായ എല്ലാ സൗദി ഭക്ഷ്യവിഭവങ്ങളും ലഭ്യം. ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽനിന്ന് രണ്ടു റൂട്ടുകളിലൂടെയാണ് ക്രൂയിസ് കപൽ സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
ക്രൂയിസ് യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതായി ടൂറിസം വൃത്തങ്ങൾ വ്യക്തമാക്കി. സമുദ്ര വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന് സൗദി ടൂറിസം അതോറിറ്റി വിപുല പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് സാംസ്കാരിക പൈതൃക മേളകൾ സന്ദർശിക്കാൻ അവസരമൊരുക്കുക എന്നത്.
അറേബ്യൻ തനത് ജീവിത രീതിയുടെ പഴയകാല കാഴ്ചകൾ കാണാനും അറിയാനുമുള്ള അവസരം യാംബു പൈതൃകോത്സവത്തിലുണ്ട്.
പഴയകാല കച്ചവടവും കെട്ടിട നിർമാണ രീതികളും വിവിധ കാലങ്ങളിലൂടെയുള്ള അവയുടെ വികാസവും രൂപപരിണാമങ്ങളും എല്ലാം മനസ്സിലാക്കാൻ വിസ്മയകരമായ അറിവുകളാണ് ഉത്സവം പകരുന്നത്.
ചെങ്കടൽ തീരത്തെ ഏറ്റവും പഴക്കമേറിയ രാത്രിച്ചന്തകളിൽ ഒന്നായിരുന്നു യാംബുവിലേത്. പതിറ്റാണ്ടുകൾ പഴക്കമുള്ള യാംബു തുറമുഖത്തിനടുത്തുള്ള 'സൂഖുല്ലൈലി' (രാത്രിച്ചന്ത)യെ കുറിച്ച് അറബ് ചരിത്ര രേഖകളിൽ പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.