ത്വാഇഫ്: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നിശ്ചയിച്ചിട്ടുള്ള 80 മാനദണ്ഡങ്ങൾ പാലിച്ചതിനാൽ ത്വാഇഫ് നഗരത്തിന് രണ്ടാം തവണയും ‘ഹെൽത്തി സിറ്റീസ് അക്രഡിറ്റേഷൻ’ അംഗീകാരം ലഭിച്ചു. ഇതോടെ സൗദി അറേബ്യയിൽ രണ്ടു തവണ ലോകാരോഗ്യ സംഘടനയുടെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പുതുക്കി കിട്ടിയ ആദ്യ നഗരമായി ത്വാഇഫ് മാറി.
നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകൾ, നടപ്പാതകൾ, സ്കൂളുകൾ, ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളുമായി പ്രൈമറി കെയർ സെന്ററുകൾ എന്നിവയിലൂടെ സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ആരോഗ്യമേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള ത്വാഇഫിന്റെ പ്രവർത്തനങ്ങളെ തുടർന്നാണ് ഈ അന്താരാഷ്ട്ര അംഗീകാരം.
സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിലിൽ ത്വാഇഫ് ഗവർണർ അമീർ സൗദ് ബിൻ നഹറിന്‍ അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. ത്വാഇഫിന്റെ ഈ അക്രഡിറ്റേഷൻ പുതുക്കൽ സൗദി നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയും ഒന്നിലധികം മേഖലകൾ തമ്മിലുള്ള ഏകോപനവും സാമൂഹികമായ ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ വിവിധ മേഖലകളിലായി ആരോഗ്യ രംഗത്ത് 16 സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ കഴിഞ്ഞ സൗദി അറേബ്യക്ക് ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
പകർച്ചവ്യാധികൾ കുറക്കുന്നതിനും അന്താരാഷ്ട്ര ആരോഗ്യ സൂചകങ്ങളിൽ സൗദി അറേബ്യയുടെ നില മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപരമായ അപകടസാധ്യതകളും ചികിത്സാചെലവുകളും കുറക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തിന് സംഭാവന നൽകുന്നതിനുമുള്ള സുസ്ഥിര സംരംഭങ്ങളിൽ രാജ്യത്തിന്റെ പദ്ധതികൾ ഇതിനകം ഏറെ ശ്രദ്ധേയമായി.
ത്വാഇഫ് മുനിസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയം, ത്വാഇഫ് സർവകലാശാല, സിവിൽ ഡിഫൻസ്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, മറ്റ് വിവിധ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ആരോഗ്യ മേഖലയിൽ ചെയ്ത സംഭാവനകൾ എടുത്തുപറയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.