ത്വാഇഫ്: ത്വാഇഫ് റോസാപ്പൂ മേള നാളെ (ബുധനാഴ്ച) ആരംഭിക്കും. ത്വാഇഫ് റോസാപ്പൂ സിറ്റിയിൽ അഞ്ച് ദിവസം നീളുന്ന മേളയിൽ പ്രദർശനങ്ങൾക്ക് പുറമെ വിവിധ പരിപാടികളും അരങ്ങേറും. വൈകുന്നേരം നാലു മുതൽ രാത്രി വരെയാണ് പ്രദർശന സമയം. ത്വാഇഫിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫിസിന്റെ മേൽനോട്ടത്തിലും സർക്കാർ, സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെയുമാണ് റോസാപ്പൂ മേള നടക്കുന്നതെന്ന് മക്ക മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഡയറക്ടർ ജനറൽ എൻജിനീയർ മാജിദ് അൽഖുലൈഫ് പറഞ്ഞു. ത്വാഇഫ് മേഖലയിൽ നിന്നുള്ള 60ലധികം കർഷകരും ഉൽപാദനക്ഷമതരായ കുടുംബങ്ങളും മേളയിൽ പങ്കെടുക്കും. ത്വാഇഫ് ഗവർണറേറ്റിലെ സീസണൽ കാർഷിക ഉൽപന്നങ്ങളുടെ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതായിരിക്കും മേള. റോസ് ഉൽപന്നങ്ങളുടെയും ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളുടെ ഉൽപന്നങ്ങളുടെയും പ്രദർശനത്തോടൊപ്പം അഞ്ച് ദിവസങ്ങളിലായി വേദിയിൽ വിവിധ പരിപാടികളും അരങ്ങേറുമെന്നും അൽഖുലൈഫ് പറഞ്ഞു.
റോസാപ്പൂ മേളയിലൂടെ കർഷകരുടെ വിവിധ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനു പുറമേ കർഷകരെ പിന്തുണക്കാനും ഉൽപാദനം വർധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം അതീവ ശ്രദ്ധയും പരിഗണനയും നൽകുന്നുവെന്ന് ത്വാഇഫ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഡയറക്ടർ എൻജിനീയർ ഹാനി അൽഖാദി പറഞ്ഞു. മേഖലയിൽ എല്ലാ പരിപാടികൾക്കും നൽകുന്ന പരിധിയില്ലാത്ത പിന്തുണക്കും റോസാപ്പൂ മേളയുടെ രക്ഷാകർതൃത്വത്തിനും ത്വാഇഫ് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും അറിയപ്പെട്ട റോസാപ്പൂ മേളകളിലൊന്നാണ് ത്വാഇഫിലേത്. ഒരോ വർഷവും വളരെ വ്യവസ്ഥാപിതമായി ഇതു സംഘടിപ്പിച്ചുവരുന്നു. നിരവധി സന്ദർശകരാണ് മേള കാണാൻ എത്താറ്. റോസാപ്പൂക്കളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങളും മേളയിലുണ്ടാകാറുണ്ട്. സൗദിയിൽ ഏറ്റവും റോസാപ്പൂ ഉൽപാദിപ്പിക്കുന്ന പ്രദേശമാണ് ത്വാഇഫ്. നിരവധി കൃഷിയിടങ്ങളുള്ള ത്വാഇഫിൽ ടൺ കണക്കിന് റോസാപ്പൂക്കളാണ് ഒരോ വർഷവും ഉൽപാദിപ്പിക്കുന്നത്.
ലൊക്കേഷൻ: TAIF ROSE FESTIVAL LOCATION
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.