യാംബു: ത്വാഇഫിലെ റോസാപ്പൂക്കളും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളിലെ മൈലാഞ്ചിയിടൽ ആചാരവും യുനെസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക പട്ടിക’യിൽ ഇടം പിടിച്ചു. സൗദി ഹെറിറ്റേജ് കമീഷന്റെ ശ്രമ ഫലമായാണ് ഇവ രണ്ടും പൈതൃക പട്ടികയിലെത്തിയത്.
സൗദി, യു.എ.ഇ, മൊറോക്കോ, ഫലസ്തീൻ എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിലനിൽക്കുന്ന മൈലാഞ്ചിയിടൽ ആചാരങ്ങളും അവയുടെ നിർമാണ രീതികളുമാണ് യുനെസ്കോ അംഗീകരിച്ചത്. സൗദിയിലും മൈലാഞ്ചിക്ക് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. സ്ത്രീകൾ വൈദഗ്ധ്യം നേടിയതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതുമായ ‘മൈലാഞ്ചിയിടൽ’ എന്ന കല ഇന്നും രാജ്യ പാരമ്പര്യത്തിന്റെ അടയാളമാണ്. സ്ത്രീകൾക്കിടയിൽ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു സാമൂഹിക പാരമ്പര്യം കൂടിയാണിത്.
സൗദിയുടെ സാംസ്കാരിക, ചരിത്രപരമായ പ്രതീകങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട ത്വാഇഫ് റോസാപ്പൂക്കൾക്കും ഇതോടെ ലോക പൈതൃക പദവി കൈവന്നു. ത്വാഇഫിലെ അൽ ഹദ പർവതനിര, വാദി മുഹറം, വാദി ഗസൽ, വാദി ഖവാഹ, ബിലാദ് തുവൈർഖ്, അൽ ഷിഫ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയ കാർഷിക മേഖലയാണ് റോസാപ്പൂക്കളുടേത്. ഇവിടെ നിറയെ റോസാച്ചെടികൾ വളർന്നുനിൽക്കുന്ന കൃഷിയിടങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമാണ് ഇവിടുത്തെ റോസാ കൃഷിക്കുള്ളത്. റോസാപ്പൂക്കൾക്ക് പുറമെ, അതിൽനിന്ന് വിവിധ തരം ഉൽപ്പന്നങ്ങളും ത്വാഇഫിലെ വിവിധ ഫാക്ടറികളിൽ നിർമിക്കുന്നുണ്ട്.
ഈ കൃഷി മേഖല ഇപ്പോൾ സൗദി വിപണിയിൽ ഗണ്യമായ നിക്ഷേപത്തെ പ്രതിനിധാനം ചെയ്യുന്നു. 6.4 കോടി റിയാലാണ് നിലവിൽ ഈ കാർഷിക മേഖലയിലെ നിക്ഷേപ മൂല്യം. ഇവിടെയുള്ള 910 ഫാമുകളിലായി 80 ലധികം വ്യത്യസ്തയിനം റോസാച്ചെടികളാണ് കൃഷി ചെയ്യുന്നത്. പ്രതിവർഷം ഏകദേശം 55 കോടി റോസാപ്പൂക്കൾ വിളവെടുക്കുന്നു. ഇവിടെയുള്ള 70 ഫാക്ടറികളിൽനിന്ന് റോസ് വാട്ടർ, റോസ് ഓയിൽ, സുഗന്ധ നിർമാണ വസ്തുക്കൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിർമിക്കുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും ഡിമാൻഡും വിലയുമുള്ള റോസാപ്പൂ തൈലവും അനുബന്ധ ഉൽപ്പന്നങ്ങളും ത്വാഇഫിൽ ഉൽപ്പാദിപ്പിക്കുന്നവയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് താഇഫിലെ റോസാപ്പൂക്കളുടെ വസന്തകാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.