ജിദ്ദ: ഉംറ വിസ ബുക്കിങ് നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് പറഞ്ഞു. ഒരു വിദേശ ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിനിടയിലാണ് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. 2021 ആഗസ്റ്റ് ഒമ്പത് (മുഹർറം ഒന്ന്) മുതൽ രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ഉംറക്ക് അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും വിദേശ തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകുക. ഉംറ വിസകൾ, താമസം, പാർപ്പിടം, ഗതാഗതം, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ എന്നിവയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവർക്ക് നിശ്ചയിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകൾ ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് വിശദീകരിച്ചു. പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് കുറഞ്ഞത് തീർഥാടകന് 18 വയസ്സ് പ്രായമുണ്ടാകണമെന്നാണ്. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്ന് സ്വീകരിച്ചിരിക്കണം. കോവിഡ് അവസ്ഥ നിലനിൽക്കുന്നതു കാരണം ചില രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനു വിലക്ക് ഇപ്പോഴും തുടരുകയാണ്.
ഈ രാജ്യങ്ങളിലെ ആളുകൾക്ക് അനുവദനീയമായ മറ്റൊരു രാജ്യത്തിലുടെ വരാൻ സാധിക്കും. അവിടെ 14 ദിവസം താമസിക്കുകയും മെഡിക്കൽ പരിശോധനയിൽ കോവിഡില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ശേഷമായിരിക്കും സൗദിയിലേക്ക് പ്രവേശനം നൽകുക. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനാണ് ഇങ്ങനെയുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നത്. തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചുപോകുമ്പോഴും ആരോഗ്യവാന്മാരായിരിക്കണം. അതോടൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുസുരക്ഷക്കും വേണ്ടിയാണ്.
രാജ്യം വികസിപ്പിച്ച പദ്ധതികളും സംവിധാനങ്ങളും ഹജ്ജ് സീസണിന്റെ വിജയത്തിനു കാരണമായതായും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു. പൗരന്മാരും രാജ്യത്തെ താമസക്കാരുമായ തീർഥാടകർ ആരോഗ്യ പ്രതിരോധ മുൻകരുൽ നടപടികൾ പാലിക്കുന്നതിൽ വലിയ ശ്രദ്ധയാണ് കാണിച്ചത്. വൈറസ് ബാധയും അതിന്റെ വ്യാപനവും തടയുന്നതിനു വേണ്ട പദ്ധതികളായിരുന്നു ഹജ്ജ് വേളയിൽ ആവിഷ്കരിച്ചിരുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.