ജിദ്ദ: സമകാലിക ചരിത്രത്തിൽ തന്നെ ഹ്രസ്വമായ കാലയളവിനുള്ളിൽ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞതായി കിരീടാവകാശി അമീർ മുഹമ്മദ് സൽമാൻ പറഞ്ഞു. ബുധനാഴ്ച ശൂറ കൗൺസിൽ എട്ടാം സെഷനിലെ ആദ്യ വർഷത്തിെൻറ പ്രഥമ യോഗത്തിൽ രാജ്യത്തിെൻറ ആഭ്യന്തര, വിദേശ നയങ്ങളെയും അവയുടെ പ്രധാന സവിശേഷതകളെയും കുറിച്ച് സൽമാൻ രാജാവ് നടത്തിയ പ്രസംഗത്തോട് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ മുമ്പ് സാധ്യമായതിനെക്കാൾ വലിയ വളർച്ചയാണ് രാജ്യം നേടിയത്. ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സമ്പദ്വ്യവസ്ഥകളിലെന്നാണ് സൗദി അറേബ്യയുടേത്. സമ്പദ് വ്യവസ്ഥയുടെ വികാസവും വൈവിധ്യവത്കരണവും ഇരട്ടിയാക്കാനാണ് രാജ്യം ശ്രമംതുടരുന്നത്. എണ്ണയിതര വരുമാനം സാമ്പത്തിക പദ്ധതികളുടെ വിജയത്തിെൻറ സൂചകമായാണ് പരിഗണിക്കുന്നത്. എണ്ണ ഉൽപാദനത്തിെൻറ അളവിലെ ഏറ്റക്കുറച്ചിലുകൾ മൊത്ത ആഭ്യന്തര ഉൽപാദനത്തെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് ഗവൺമെൻറ് എണ്ണ പ്രധാന ചാലകമായി പരിഗണിക്കാതെ മറ്റ് വരുമാന മാർഗങ്ങളെ അവലംബിക്കാൻ തീരുമാനിച്ചതെന്നും കിരീടാവകാശി പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കൽ ഗവൺമെൻറിെൻറ മുൻഗണനകളിലൊന്നാണെന്ന് കിരീടാവകാശി പ്രഭാഷണത്തിനിടെ എടുത്തുപറഞ്ഞു. വിഷൻ 2030െൻറ ഭാഗമായി സ്വദേശികളായ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 2030ഒാടെ ഏഴു ശതമാനമാക്കി കുറക്കാനാണ് ലക്ഷ്യമിടുന്നത്. എണ്ണയിതര വരുമാനം കൂട്ടുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. നിരവധി പാർപ്പിട പദ്ധതികൾ നടപ്പാക്കി. ഡിജിറ്റൽ രംഗത്തും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾ വർധിച്ചു. പല മേഖലകളിലും അഴിമതി കുറക്കാൻ സാധിച്ചു. അഴിമതി അർബുദമാണെന്നും വികസനത്തിെൻറയും സമൃദ്ധിയുടെയും ആദ്യത്തെ ശത്രുവാണെന്നും താൻ മുമ്പ് സൂചിപ്പിച്ചിരുന്നതായി അമീർ മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അഴിമതിവിരുദ്ധ സെറ്റിൽമെൻറുകളുടെ മൊത്തം വരുമാനം 247 ശതകോടി റിയാലിലെത്തി.
ലോകത്തിനാകെ ഭീഷണിയായ ഭീകരവാദത്തെ സൗദിക്ക് ഫലപ്രദമായി നേരിടാനായെന്ന് കിരീടാവകാശി പറഞ്ഞു. മുമ്പ് ഒാരോ വർഷവും ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ചില ഒറ്റപ്പെട്ട ആക്രമണം ഒഴിച്ചുനിർത്തിയാൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പുനഃസംഘടനക്കും സുരക്ഷമേഖലയിലെ പരിഷ്കരണത്തിനും ശേഷം ഭീകരാക്രമണം നന്നെ കുറഞ്ഞു. ഇപ്പോഴത് ഏകദേശം പൂജ്യത്തിലെത്തിയിരിക്കുകയാണ്. രാജ്യത്തിെൻറ സുരക്ഷക്കും സ്ഥിരതക്കും ദോഷംവരുത്താൻ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും കിരീടാവകാശി പറഞ്ഞു. സാംസ്കാരിക, ടൂറിസം, വിനോദ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കി. നടപടിക്രമങ്ങൾ സുതാര്യമാക്കി. കൂടുതൽ ലൈസൻസുകൾ നൽകി. ആഘോഷ പരിപാടികളുടെ എണ്ണം കൂടി.
രാജ്യത്ത് മുമ്പില്ലാത്തവിധം സ്ത്രീശാക്തീകരണവും ശക്തിപ്പെട്ടു. ഇൗ രംഗത്തും മുെമ്പാന്നുമില്ലാത്തവിധം മുന്നേറ്റമാണുണ്ടായത്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഡ്രൈവിങ് അനുമതി ഉൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങളെടുക്കാൻ സർക്കാറിനായി. തൊഴിൽ രംഗത്തും മറ്റും സ്ത്രീകളുടെ അനുപാതം 17ൽനിന്ന് 31 ശതമാനമായി ഉയർത്താനായി.
ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടു. രാജ്യത്ത് നിലവിലുള്ള അഞ്ചു ലക്ഷത്തോളം തൊഴിലാളികളുടെ പദവികൾ ശരിയാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭം ആരംഭിച്ചു. ഇതിലൂടെ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മാറാനുള്ള കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. പുതിയ തീരുമാനം തൊഴിലാളിയുടെ ഉൽപാദനക്ഷമത ഉയർത്തുകയും സൗദി സമ്പദ്വ്യവസ്ഥയിൽ മത്സരശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.