റിയാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി അനുശോചന സമ്മേളനം സംഘടിപ്പിച്ചു.ആർ.എസ്.പി രാഷ്ട്രീയത്തിൽനിന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കറിന്റെ ക്ഷണമനുസരിച്ച് കോൺഗ്രസിലെത്തിയ വക്കം പുരുഷോത്തമൻ അഞ്ചു തവണ കേരള നിയമസഭയിൽ സാമാജികനായും കൃഷി, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകൾ അഴിമതിരഹിതമായും സുതാര്യമായും ഭരിച്ചും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണെന്ന് അനുസ്മരിച്ചവർ പറഞ്ഞു.
സ്പീക്കർ പദവിയിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കാഴ്ചവെച്ചത്. രണ്ടു തവണ ആലപ്പുഴയിൽനിന്ന് ലോക്സഭയിലെത്തി അന്തമാൻ, മിസോറം സ്റ്റേറ്റുകളിൽ ഗവർണറായും സേവനമനുഷ്ഠിച്ച കോൺഗ്രസ് പ്രസ്ഥാനത്തിലെ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.ഒരു മനുഷ്യായുസ്സിന് അപ്രാപ്തമായ കർമപഥങ്ങളെ തന്റെ വ്യക്തിപ്രഭയിൽ അവിസ്മരണീയമാക്കിയ നേതാവായിരുന്നു വക്കം.
ആഴമേറിയ വായനയിലൂടെ വളർത്തിയെടുത്ത സീമകളില്ലാത്ത അറിവിന്റെ നിറവും വിഷയാസ്പദ കാർക്കശ്യത്തിന്റെ സ്വരം ഉയരുമ്പോഴും സ്വതസ്സിദ്ധമായ സൗമ്യത സഹപ്രവർത്തകർക്കിടയിലും മലയാള മനസ്സുകളിലും ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞ നേതാവാണെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.എം. കുഞ്ഞി കുമ്പള, സലീം കളക്കര, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, നാസർ കല്ലറ, വി.ജെ. നസ്റുദ്ദീൻ, റസാഖ് പൂക്കോട്ടുപാടം, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, സിദ്ദീഖ് കല്ലുപറമ്പൻ, രഘു പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാടുകുന്ന്, ബാലു കുട്ടൻ, സുഗതൻ നൂറനാട്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ഹക്കിം പട്ടാമ്പി, കരിം കൊടുവള്ളി, ഷിജോയി കോട്ടയം, അബ്ദുൽ സലാം ആർത്തിയിൽ, റഫീഖ് പട്ടാമ്പി, അൻസായി ശൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.