ജിസാൻ: കലാലയം സാംസ്കാരികവേദി 14ാമത് സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിന് ജിസാനിൽ സമാപനം. കാമ്പസ് വിഭാഗത്തിൽ ജിദ്ദ നോർത്തും ജനറൽ വിഭാഗത്തിൽ ജിദ്ദ സിറ്റിയും ജേതാക്കളായി.സബിയയിൽ നടന്ന സാഹിത്യോത്സവിൽ മക്ക, മദീന, ജിദ്ദ സിറ്റി, ത്വാഇഫ്, അൽബഹ, അസീർ, യാംബു, ജിദ്ദ നോർത്ത് സോണുകളും ആതിഥേയരായ ജിസാനുമാണ് മാറ്റുരച്ചത്.
ജനറൽ വിഭാഗത്തിൽ 223 പോയന്റ് നേടി ജിദ്ദ സിറ്റി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 215 പോയന്റ് നേടി ആതിഥേയരായ ജിസാൻ രണ്ടാം സ്ഥാനത്തും 122 പോയന്റ് നേടി മക്ക മൂന്നാം സ്ഥാനത്തുമെത്തി.
കലാപ്രതിഭയായി ജിസാൻ സോണിലെ അസ്ലം ശഹർഖാനും സർഗപ്രതിഭകളായി മക്ക സോണിലെ റിസ്വാന കമാൽ, മുഹമ്മദ് ഷാഫി മലാവി എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സ്കൂളുകളിൽനിന്ന് മത്സരിച്ച കാമ്പസ് വിഭാഗത്തിനുള്ള പ്രത്യേക മത്സരങ്ങളിൽ ജിദ്ദ നോർത്ത് ഒന്നും മക്ക സോൺ രണ്ടും സ്ഥാനങ്ങൾ നേടി. 11 വേദികളിലായി 79 മത്സര ഇനങ്ങളാണ് നടന്നത്.
ഉദ്ഘാടന സമ്മേളനം ഐ.സി.എഫ് സൗദി നാഷനൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. രഹ്നാസ് കുറ്റ്യാടി, മാധ്യമ പ്രവർത്തകൻ ഇസ്മാഈൽ മാനു, താഹ കിണാശ്ശേരി എന്നിവർ സംസാരിച്ചു.
‘ദേശം താണ്ടിയ വാക്കും വരയും’ സാഹിത്യോത്സവ് പ്രമേയ സ്പെഷൽ സപ്ലിമെന്റ് ഐ.സി.എഫ്. നാഷനൽ വെൽഫെയർ സെക്രട്ടറി മഹ്മൂദ് സഖാഫി, അലി വടക്കാങ്ങരക്ക് നൽകി പ്രകാശനം ചെയ്തു.
സിറാജ് മാട്ടിൽ സന്നിഹിതനായിരുന്നു. ‘പ്രവാസം വാക്കുകളുടെ സഞ്ചാരം വഴക്കം’ എന്ന വിഷയത്തിൽ സലീം പട്ടുവവും ‘ദേശാതിരുകൾക്കപ്പുറത്ത് പ്രവാസി വരഞ്ഞിടുന്നത്’ എന്ന വിഷയത്തിൽ ആശിഖ് സഖാഫിയും പ്രമേയ പ്രഭാഷണം നടത്തി. ആർ.എസ്.സി സൗദി വെസ്റ്റ് ജനറൽ സെക്രട്ടറി യാസർ അലി ഓമച്ചപ്പുഴ സ്വാഗതവും അനസ് ജൗഹരി നന്ദിയും പറഞ്ഞു .
സമാപന സമ്മേളനം എസ്.എസ്.എഫ്. ഇന്ത്യ സെക്രട്ടറി ഉബൈദുല്ല ഇബ്രാഹിം നൂറാനി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി അധ്യക്ഷത വഹിച്ചു.
മൻസൂർ ചുണ്ടമ്പറ്റ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഹാരിസ് കല്ലായി (കെ.എം.സി.സി), സിറാജ് കുറ്റ്യാടി (ഐ.സി.എഫ്.), ഷാജി പുളിക്കത്താഴത്ത് (ഒ.ഐ.സി.സി), ദേവൻ വെന്നിയൂർ (ജല), മജീദ് മാസ്റ്റർ (റിയാദ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ), ഖാലിദ് പട്ല, അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ത്വൽഹത് കൊളത്തറ, മുജീബ് തുവ്വക്കാട്, ഉസ്മാ മറ്റത്തൂർ, സാദിഖ് ചാലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ശബീറലി തങ്ങൾ സ്വാഗതവും നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു. 2025 ലെ പ്രവാസി നാഷനൽ സാഹിത്യോസവ് മക്കയിൽ നടക്കും. സാഹിത്യോത്സവ് പതാക മക്ക സോൺ ഭാരവാഹികൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.