സെപ്റ്റംബർ 25 ആയ ഇന്ന് ലോക ഫാർമസിസ്റ്റ്സ് ദിനമാണ്. ആരോഗ്യരംഗത്ത് ഫാർമസിസ്റ്റുകൾ നൽകുന്ന സംഭാവനകളുടെ പ്രാധാന്യം ഓർമപ്പെടുത്തിയാണ് വീണ്ടുമൊരു ദിനം ആഗതമായിരിക്കുന്നത്. മോശം കൈയക്ഷരമുള്ള ഒരു വ്യക്തിയെഴുതിയത് വായിക്കുമ്പോൾ ഒരാൾ ആദ്യം പറയുന്നത് ‘ഇത് വായിക്കണമെങ്കിൽ മെഡിക്കൽ ഷോപ്പിൽ കൊടുക്കണം’ എന്നാകും. ഡോക്ടർമാർ എഴുതുന്ന തീരെ മനസ്സിലാകാത്ത കുറിപ്പടി വരെ വായിച്ചെടുക്കുന്നവരാണല്ലോ ഫാർമസിസ്റ്റുകൾ! മരുന്നുകളെക്കുറിച്ച് ചോദിക്കാനുള്ള മടി കാരണം ഡോക്ടറോട് ചോദിക്കാത്ത സംശയങ്ങളും തീർത്തുകൊടുക്കുന്നത് ഫാർമസിസ്റ്റുകൾതന്നെയാണ്.
ഒരു ഡോക്ടര്‍ രോഗിയുടെ അസുഖം കണ്ടെത്തിക്കഴിഞ്ഞാല്‍ രോഗി ആദ്യമെത്തുക ഫാര്മസിസ്റ്റ്സിന്റെ അടുത്തേക്കാണ്. രോഗിക്ക് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ മരുന്ന് നല്‍കിയാലേ മരുന്നിന് ഫലപ്രാപ്തിയുണ്ടാകൂ. അങ്ങനെ നിരവധി ഉത്തരവാദിത്തങ്ങളുള്ളതാണ് ഫാര്‍മസിസ്റ്റ് മേഖല. ഒരു ഫാര്‍മസിസ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ ഓർമയിൽ വരുന്നത്, ഫാര്‍മസിയില്‍നിന്ന് മരുന്ന് എടുത്തുനല്കുന്നതാണ്. എന്നാല്‍, ഫാര്‍മസി പ്രഫഷന് റിസർച് ആൻഡ് ഡെവലപ്മെൻറ് മുതല്‍ കമ്യൂണിറ്റി ഫാര്‍മസി വരെ നീണ്ടുനില്‍ക്കുന്ന ശാസ്ത്രശാഖയാണ്.
മരുന്നുൽപാദനം, അവയുടെ ഗുണമേന്മ പരിശോധിക്കല്‍, രോഗികള്‍ക്ക് നല്കല് വരെ ഫാര്‍മസി മേഖലയിലെ പ്രധാന വിഭാഗങ്ങളാണ്. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുകയും ഒരു മരുന്നിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്ന ഒരാളാണ് ഫാർമസിസ്റ്റ്. മരുന്നുകളുടെ സംഭരണം, കൈകാര്യംചെയ്യൽ, വിതരണം എന്നിവയിൽ പരിശീലനം നേടിയ ഒരു ഫാർമസിസ്റ്റ്, കാലഹരണപ്പെട്ട മരുന്ന് സുരക്ഷിതമായി നിർമാർജനം ചെയ്യുക എന്നിവയെല്ലാം ഫാർമസിസ്റ്റിന്റെ ചുമതലകളിൽ വരുന്നവയാണ്. ഇതുകൂടാതെ, ആശുപത്രികൾ, ക്ലിനിക്കുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലും പുതിയ മരുന്നുകളുടെ ഗവേഷണത്തിലും അവർ നിർണായക പങ്കു
വഹിക്കുന്നു.
മിക്കപ്പോഴും, ഫാർമസിസ്റ്റുകൾ പ്രാഥമിക പരിചരണ ദാതാക്കളായി പ്രവർത്തിക്കുകയും ആരോഗ്യപരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളുംപോലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയുന്നതിനും അവരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നതിനുമായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 25ന് ‘ലോക ഫാർമസിസ്റ്റ് ദിനം’ ആചരിക്കുന്നത്.
‘ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന ഫാർമസിസ്റ്റുകൾ’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഭാവിയിൽ ആരോഗ്യസംവിധാനങ്ങളെയും രോഗങ്ങളെയും മരുന്നുകളെയുംകുറിച്ചുള്ള അറിവുകൾ രോഗികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നതിനായി ഫാർമസിസ്റ്റുകളെ ഉപയോഗപ്പെടുത്താനുള്ള വഴി തുറന്നു കൊടുക്കുന്നതോടൊപ്പം ഫാർമസിസ്റ്റുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതുകൂടിയാണ് ഈ സന്ദേശത്തിലൂടെ ഇൻറർനാഷനൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ ലക്ഷ്യംവെക്കുന്നത്.
കോവിഡ് കാലത്ത്, ലോകമെമ്പാടുമുള്ള ഫാർമസിസ്റ്റുകൾ കോവിഡ് പരിശോധനക്കും വാക്സിനേഷനും ഇൻ-പേഷ്യൻറ് പരിചരണത്തിനുമടക്കം ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിനൽകുന്നതിൽ കൃത്യമായ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ് അതിവ്യാപനം നടന്ന അമേരിക്കയിൽ 35 കോടി ക്ലിനിക്കൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ആസ്ട്രേലിയയിൽ ഫാർമസിസ്റ്റുകളിലൂടെ 90 ലക്ഷം ആളുകൾക്ക് വാക്സിനുകൾ നൽകിയിട്ടുണ്ട്. എന്തിന്, ഒട്ടുമിക്ക രാജ്യങ്ങളിലും ഫാർമസികളിലൂടെയുള്ള കോവിഡ് വാക്സിൻ വിതരണമാണ് ആ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് തടയിട്ടത്. വാക്സിൻ വിരുദ്ധരുടെ ഇടപെടലിനെ ഇല്ലായ്മ ചെയ്യാനും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ ഫാർമസിസ്റ്റുകളുടെ ഇടപെടലിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന അടക്കം കൃത്യമായി പറയുന്നുണ്ട്.
ഫാർമസിയിൽ ഡിപ്ലോമ മുതൽ ഫാംഡി വരെ യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റ്, കെമിസ്റ്റ്, ഡ്രഗിസ്റ്റ് എന്നും അറിയപ്പെടുന്നു. ഒരു ഹെൽത്ത് കെയർ പ്രഫഷനലാണ്.
ഡോക്ടർക്കും രോഗിക്കും ഇടയിലെ പ്രധാന കണ്ണി, മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായും മരുന്നുകൾ തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൈകാര്യംചെയ്യുന്നതിലും വിദഗ്ധനാണ്. രോഗികൾക്കും ആരോഗ്യസംരക്ഷണ ദാതാക്കൾക്കും മരുന്ന് കൗൺസലിങ്ങും മാർഗനിർദേശവും നൽകുന്നയാൾ. കൂടാതെ, ഫാർമസിസ്റ്റുകൾ പലപ്പോഴും കമ്യൂണിറ്റിയിൽ പ്രാഥമിക പരിചരണ ദാതാക്കളായി പ്രവർത്തിക്കുന്നു.
കൂടാതെ, ആരോഗ്യ പരിശോധനകളും രോഗപ്രതിരോധ കുത്തിവെപ്പുകളും പോലുള്ള മറ്റു സേവനങ്ങൾ അടക്കം നിർവഹിക്കുന്ന ആളുകളാണ് ഫാർമസിസ്റ്റുകൾ. ലോകത്തിൽ 40,67,718 ലൈസൻസ്ഡ് ഫാർമസിസ്റ്റുകളുണ്ട്. അതിൽ 78 ശതമാനം സ്ത്രീ ഫാർമസിസ്റ്റുകളാണ്.
സുരക്ഷിതമായ ഔഷധോപയോഗത്തിന് ഫാർമസിസ്റ്റിന്റെ നിർദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ധരാണ് കമ്യൂണിറ്റി ഫാർമസിസ്റ്റുകൾ. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ കണ്ണിയാണ് കമ്യൂണിറ്റി ഫാർമസിയിലെ രജിസ്ട്രേഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യപരിരക്ഷ പരിപാടികൾ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവ മൂല്യവത്താക്കി മാറ്റാൻ ഫാർമസിസ്റ്റിന് സാ
ധിക്കുന്നു.
എന്നിരുന്നാലും ഇന്ത്യയിൽ പലയിടത്തും നിർദിഷ്ട യോഗ്യതയില്ലാത്ത വ്യക്തികൾ നിയമവിരുദ്ധമായി ഫാർമസിസ്റ്റിന് പകരം ജോലി ചെയ്യുന്നതായി കാണപ്പെടുന്നുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒരു ഘടകമാണ്. തെറ്റായ മരുന്നുപയോഗം പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുള്ളതായി കണക്കാക്കുന്നു. ലോകത്തിൽ അപകടമരണത്തേക്കാൾ കൂടുതൽ മരുന്നുകളുടെ തെറ്റായ ഉപയോഗം ആളുകളുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അവിടെയാണ് ഫാർമസിസ്റ്റുകളുടെ പ്രാധാന്യത്തെ സംബന്ധിച്ച ചർച്ചകളും ഇടപെടലിന്റെയും അനിവാര്യത വിളിച്ചോതുന്നത്.
പല രാജ്യങ്ങളിൽ ഫാർമസി പ്രാക്ടിസ്, ക്ലിനിക്കൽ ഫാർമസി, ഡ്രഗ് തെറപ്പി എന്നിവ ഏറെ വികസിതമാണ്. ഇവിടങ്ങളിൽ രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നത്, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നത്, ഗർഭനിരോധന ഉപാധികളുടെ മികവ് പരിശോധിക്കുന്നത്, ലൈംഗിക പ്രത്യുൽപാദന ആരോഗ്യനില സംബന്ധിച്ച പരിശോധന നടത്തുന്നത്, പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നത്, പല രോഗങ്ങൾക്കും ചികിത്സ നിശ്ചയിക്കുന്നത് ഇതെല്ലാം ഫാർമസിസ്റ്റ് എന്ന ഒരു വിഭാഗം പ്രഫഷനലുകളാണ് ചെയ്യുന്നത്.
കുറെക്കൂടി വികസിതമായി ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്ന വിഭാഗമാണ് ഇതിന്റെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എംഫാം ഫാർമസി പ്രാക്ടിസ് കഴിഞ്ഞവരോ ഫാംഡി കഴിഞ്ഞവരോ ആയ ഫാർമസിസ്റ്റുകളാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ. ഇത്തരം ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും മിഡിലീസ്റ്റ് രാജ്യങ്ങളിൽ അടക്കം കാണാവുന്നതാണ്. കിടത്തി ചികിത്സയുള്ള ഏതൊരു ആശുപത്രിയിലും ക്ലിനിക്കൽ ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണ്. യു.കെ തുടങ്ങിയ പല രാജ്യങ്ങളിലും ആൻറിബയോട്ടിക് ഉൾപ്പെടെ മിക്ക മരുന്നുകളും ആവശ്യമായ പരിശോധനകൾ നടത്തി ഫാർമസിസ്റ്റ് തന്നെയാണ് നൽകിവരുന്നത്.
എന്നാൽ, ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്രകണ്ടു വളർച്ച പ്രാപിച്ചിട്ടില്ല. ഇത് ചികിത്സയുടെ ഗുണനിലവാരത്തെയും രോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. ഇന്ത്യയിൽ രോഗങ്ങൾക്ക് ചികിത്സ നിശ്ചയിക്കാനോ കുത്തിവെപ്പുകൾ നൽകാനോ ഫാർമസിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല. മരുന്നുകളുടെ നിർമാണം മുതൽ പരീക്ഷണം വരെയുള്ള മേഖലകളിലും ഗവേഷണത്തിലും ഫാർമസിസ്റ്റിന് സുപ്രധാന പങ്കുണ്ട്. ലോകത്തിന്റെ ഫാർമസി എന്നു വിളിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഫാർമസിസ്റ്റുകൾക്ക് വേണ്ടത്ര പരിഗണന ലഭ്യമാകുന്നില്ല എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.