യാംബു: സൗദി ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി `സ്പോർട്സ് ഫെസ്റ്റിവൽ സീസൺ മൂന്ന്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാ, കായിക പ്രകടനങ്ങളാൽ ശ്രദ്ധേയമായി. വടംവലി, ഷൂട്ടൗട്ട്, ഫുട്ബാൾ, കുട്ടികൾക്കുള്ള ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ മുന്നോടിയായി സൗദി പതാകകളും ബലൂണുകളും ഉയർത്തിക്കൊണ്ട് നടത്തിയ മാർച്ച് പാസ്റ്റിൽ ധാരാളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
വടംവലി മത്സരത്തിൽ യുനീക് എഫ്.സി ടീം, ഷർഖ് കെ.എം.സി.സി ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷൂട്ടൗട്ടിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം ജേതാക്കളായി. സനാഇയ എഫ്.സി ടീം റണ്ണേഴ്സുമായി. സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ആർ.സി.കെ.എം.സി.സി.എഫ്.സി ടീം ഒന്നിനെതിരെ നാലു ഗോളുകൾക്ക് ടൗൺ കെ.എം.സി.സി. എഫ്.സി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.
യാംബുവിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളായ ശങ്കർ എളങ്കൂർ, അജോ ജോർജ്, അസ്ക്കർ വണ്ടൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, ജോസഫ് അരിമ്പൂർ, നാസർ നടുവിൽ, അബ്ദുല്ല മുവാറ്റുപുഴ, സുനീർ ഖാൻ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. ‘മലബാരി മൊഞ്ചത്തീസി’ന്റെ ഒപ്പന, യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, യാംബുവിലെ ‘പാട്ടുകൂട്ടം’ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ട്, ഗാനാലാപനം എന്നിവ പരിപാടിക്ക് പൊലിമ നൽകി.
യാംബുവിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, മറ്റു കലാകാരന്മാർ എന്നിവർ ചടങ്ങിൽ അതിഥികളായെത്തി. അയ്യൂബ് എടരിക്കോട്, നാസർ നടുവിൽ, നിയാസ് പുത്തൂർ, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, യാസിർ കൊന്നോല, സമീർ ബാബു, അഷ്റഫ് കല്ലിൽ, അബ്ദുറസാഖ് നമ്പ്രം, ഹമീദ് കൊക്കച്ചാൽ, അഹ്മദ് ഫസൽ എ.ആർ. നഗർ, അർഷദ് പുളിക്കൽ, മൻസൂർ ഒഴുകൂർ, മുഹമ്മദലി ഒഴുകൂർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാപ്റ്റൻ അബ്ദുൽ അസീസ് കടുപ്പയിലിന്റെ നേതൃത്വത്തിലുള്ള കെ.എം.സി.സി വളന്റിയർ ടീം പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.