ദുബൈ: വിവിധ ഭാഗങ്ങളിലെ ദരിദ്രർക്കും അശരണർക്കും അന്നമെത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് റമദാനിലെ ആദ്യ പകുതിയിൽ ഒഴുകിയത് 51.4 കോടി ദിർഹം.
പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 87,000ത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്. കാമ്പയിനോടുള്ള ശ്രദ്ധേയമായ പ്രതികരണം യു.എ.ഇ സംസ്കാരത്തിന്റെ ഭാഗമായ ഉദാരതയുടെയും ഐക്യദാർഢ്യത്തിന്റെയും യഥാർഥ പ്രതിഫലനമാണെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്.
സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽനിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാമ്പയിനിന്റെ കാൾ സെന്ററായ 8009999ലേക്ക് വിളിച്ചാൽ ശരിയായ രൂപം പറഞ്ഞുതരുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.