ദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ജനറൽ ട്രേഡിങ് സ്ഥാപനത്തിൽ നിന്ന് 1.15 ലക്ഷം ദിർഹം മോഷ്ടിച്ച കേസിൽ മുൻ ഡെലിവറി ജീവനക്കാരന് ദുബൈ ക്രിമിനൽ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം പ്രതിയെ നാടു കടത്താനും കോടതി ഉത്തരവിട്ടു. 34കാരനായ ഇന്ത്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്.
മോഷ്ടിച്ച പണത്തിന് ആനുപാതികമായ തുക പിഴയായി പ്രതിയിൽ നിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു. സ്ഥാപനത്തിൽ ഡെലിവറി ജീവനക്കാരനായിരുന്ന പ്രതി രണ്ടു വർഷത്തിനിടെ പലപ്പോഴായി പണം മോഷ്ടിക്കുകയും ധൂർത്തടിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അൽ മുറാഖാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017നും 2019നും ഇടയിലാണ് മോഷണം നടന്നത്.
1,14,966 ദിർഹമാണ് ഇയാൾ മോഷ്ടിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ അക്കൗണ്ടിൽ തിരിമറി നടത്തുകയായിരുന്നു. 2020ൽ ഇയാൾ അവധിക്ക് പോയതിന് പകരമായി മറ്റൊരാളെ നിയമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ക്ലൈന്റുകളിൽ നിന്ന് പണം വാങ്ങാറുണ്ടെങ്കിലും കമ്പനിയിൽ അടക്കാറുണ്ടായിരുന്നില്ല.
സംശയം തോന്നിയ സ്ഥാപന ഉടമകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് രേഖകളിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടത്. കള്ളി വെളിച്ചത്തായതോടെ 52,575 ദിർഹം ചെലവഴിച്ചതായി ഇയാൾ സമ്മതിച്ചു. 90 ദിവസത്തിനകം പണം തിരികെ നൽകാമെന്നും രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, കൂടുതൽ അന്വേഷണത്തിലാണ് 1.15 ലക്ഷം നഷ്ടപ്പെട്ടതായി വ്യക്തമായത്. ഇതേ തുടർന്നാണ് ഉടമകൾ പൊലീസിൽ പരാതിപ്പെടുകയും പ്രതിയെ അറസ്റ്റ് ചെയ്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.