അബൂദബി: 53ാം ദേശീയ ദിനത്തിന്റെ സന്തോഷം ജയിലറകളിലേക്കും എത്തിച്ചു കൊണ്ട് രാജ്യത്തെ 5500 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഭരണാധികാരികൾ. ദേശീയ ദിനം അടുത്തെത്തിയതോടെ രാജ്യം ആഘോഷത്തിമിർപ്പിലാണ്. എന്നാൽ, ഈ സന്തോഷവും ആശ്വാസവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കണമെന്നാണ് യു.എ.ഇയിലെ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്.
വിവിധ എമിറേറ്റുകളുടെ അധികാരികൾ ബുധനാഴ്ചയാണ് തടവുപുള്ളികളെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,169 കുറ്റവാളികളെ മോചിപ്പിക്കാനാണ് ദുബൈ ഭരണാധികാരി ഉത്തരവിട്ടിരിക്കുന്നത്. 118 തടവുകാർക്ക് മോചനത്തിന്റെ ആശ്വാസം നൽകാനാണ് ഫുജൈറ ഭരണാധികാരിയുടെ ഉത്തരവ്. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള വഴികൾ തുറന്നു കൊടുക്കാനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും വേണ്ടിയാണ് ഈ നടപടിയെന്ന് ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ-ഷർഖി അറിയിച്ചു.
റാസൽഖൈമയിൽ 10,53 തടവുകാരെയാണ് മോചിപ്പിക്കുക. ഷാർജ എമിറേറ്റിൽ ദേശീയദിനത്തോടനുബന്ധിച്ച് 683 തടവുകാരെ മോചിപ്പിക്കുന്നതിനാണ് സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടിരിക്കുന്നത്. തടവുസമയത്തെ നല്ല നടപ്പ്, പെരുമാറ്റം, സ്വഭാവഗുണങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് തടവുപുള്ളികളുടെ മോചന യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, 304 തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടു. നേരത്തെ 2,269 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നത്. വിവിധ തരത്തിലുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാരുടെ മേൽ ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കുമെന്നും ഭരണാധികാരി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.