ദുബൈ: യു.എ.ഇ ഉൾപെടെ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 15 ശതമാനം സീറ്റ്. ഈ സീറ്റുകളിലേക്ക് വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയും. വിദേശത്തുള്ള വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാക്കിയ ഡയറക്ട്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്‍റ് അബ്രോഡ് (ഡാസ) സ്കീമിൽ ഉൾപെടുത്തിയാണ് അഡ്മിഷൻ.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), കേന്ദ്ര സർക്കാർ ഫണ്ട് ചെയ്യുന്ന സാങ്കേതിക സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകെടെക്ചർ എന്നിവയിലേക്കാണ് പ്രവേശനം ലഭിക്കുക. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ രണ്ടാം സെഷൻ പൂർത്തിയാകുന്നതോടെ വിദേശത്തുള്ള വിദ്യാർഥികൾക്ക് ഈ സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷ സമർപ്പിച്ച് തുടങ്ങാം. ഡാസയിൽ രണ്ട് സ്കീമുകളാണുള്ളത്. ചിൽഡ്രൻസ് ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ലിയു.ജി) എന്ന സ്കീം വഴിയാണ് യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റിൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്. സാർക്ക്, നോൺ സാർക്ക് രാജ്യങ്ങൾക്കും ഡാസ വഴി നേരിട്ട് അപേക്ഷിക്കാം. ഇന്ത്യയിലെ കുട്ടികൾക്ക് ഇതുവഴി അപേക്ഷിക്കാൻ കഴിയില്ല. നാട്ടിലെ കുട്ടികൾ 'ജോസ' എന്ന സ്കീം വഴിയാണ് അപേക്ഷിക്കേണ്ടത്. വിദേശത്തുള്ള കുട്ടികൾക്ക് ഡാസയോ ജോസയോ വഴി അപേക്ഷ നൽകാം. വിദ്യാർഥികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയും യുനീക് വേൾഡ് എജുകേഷൻ പ്രതിനിധികളും അറിയിച്ചു.
അതേസമയം, വർഷങ്ങളോളം വിദേശത്താണ് പഠിച്ചതെങ്കിലും 10, 12 ക്ലാസുകൾ ഇന്ത്യയിലാണ് പഠിച്ചതെങ്കിൽ ഡാസ വഴി അപേക്ഷിക്കാൻ കഴിയില്ല. ഇതിനെതിരെ നൽകിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.