ദുബൈ: ഒ.ടി.പി പോലും വരാതെ മലയാളിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നഷ്ടമായത് 18,000 ദിർഹം (ഏകദേശം നാല് ലക്ഷം രൂപ). ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പാലക്കാട് സ്വദേശിയുടെ 17,709 ദിർഹം നഷ്ടമായത്. പൊലീസിലും ബാങ്കിലും പരാതി നൽകി കാത്തിരിക്കുകയാണിവർ.
ജൂലൈ ഏഴിനാണ് പണം നഷ്ടമായത്. ക്വിക്ക് പേ വഴി അഞ്ച് ദിർഹമിന്‍റെ റി ചാർജ് നടന്നതായി സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബാക്കി തുക കൂടി നഷ്ടമായത്. യൂറോയായി കൺവെർട്ട് ചെയ്തിരിക്കുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഒ.ടി.പി അവർ അയച്ചതായും പറയുന്നുണ്ട്. എന്നാൽ, ഫോണിൽ ഒ.ടി.പി എത്തിയിട്ടില്ല. എടുക്കാത്ത തുക തിരിച്ചടക്കേണ്ട അവസ്ഥയിലാണിവർ. കൃത്യസമയത്ത് തിരിച്ചടക്കാത്തതിനാൽ പിഴ ഉൾപെടെ 20000 ദിർഹമിലേറെ അടക്കണമെന്നാണ് നിലവിൽ കാണിക്കുന്നത്.
ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം മറ്റൊരു മലയാളിക്കും സമാന അനുഭവമുണ്ടായിരുന്നു. ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർക്കാണ് 35,394 ദിർഹം ഒറ്റയടിക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് നഷ്ടമായത്. . ഇദ്ദേഹം നാട്ടിലായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. ആദ്യം പത്ത് ദിർഹം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്വിക്ക് പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. ഇത് കാര്യമാക്കിയില്ല. ഇതിന് ശേഷം മിനിറ്റുകൾ കഴിഞ്ഞതോടെയാണ് 35,394 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായത്.
എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാർഡ് േബ്ലാക്കായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഈ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് വെബ്സൈറ്റായ നൂൺ ഡോട്കോം വഴി ഐ ഫോൺ വാങ്ങിയതായി സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നുണ്ട്. ബിസിനസ് ബേയിലാണ് ഫോൺ നൽകിയിരിക്കുന്നത്. എന്നാൽ, ആരാണ് ഫോൺ വാങ്ങിയിരിക്കുന്നത് എന്ന വിവരം ഇവർ വ്യക്തമാക്കുന്നില്ല. ബാക്കി തുക ക്രിപ്റ്റോ കറൻസിയായി മാറ്റുകയായിരുന്നു.
ഇക്കാര്യം സൂക്ഷിക്കാം:
ക്രെഡിറ്റ് കാർഡ് അക്കൗണ്ടിന്‍റെ ലിമിറ്റ് പരമാവധി കുറക്കണുന്നതാണ് നല്ലത്. ടിക്കറ്റ് എടുക്കാനും അത്യാവശ്യ കാര്യങ്ങൾക്കും മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. നാട്ടിൽ പോകുന്ന സമയത്ത് ക്രെഡിറ്റ് കാർഡ് താൽകാലികമായി േബ്ലാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്, ഇത് ഉപയോഗപ്പെടുത്തുക. ഇടക്കിടെ നെറ്റ് ബാങ്കിങ് പരിശോധിക്കുക. പർച്ചേസുകൾക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് ലിമിറ്റ് ചെയ്യാൻ കഴിയും. പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ്സൈറ്റുകളിലും ക്രെഡിറ്റ് കാർഡ് നൽകാതിരിക്കുക. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പുറത്തുനൽകാതിരിക്കുക. ചെറിയ തുക പിൻവലിച്ചതായി മെസേജ് വന്നാൽ പോലും ഉടൻ ബാങ്കിനെ വിവരം അറിയിക്കുക. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൻ ഉടൻ കാർഡ് േബ്ലാക്ക് ചെയ്യുക. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ഫോണിൽ അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.