ദുബൈ ജ്വല്ലറികള്‍ സ്വര്‍ണവില ഇലക്ട്രോണിക്സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം

ദുബൈ: ദുബൈയിലെ ജ്വല്ലറികളില്‍ ഇനി സ്വര്‍ണവില ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അധിക നിരക്ക് ഈടാക്കുന്നത് നിര്‍ത്താനും തീരുമാനമായി. ഇതുസംബന്ധിച്ച് ദുബൈ സാമ്പത്തിക വികസന വകുപ്പും (ഡി.ഇ.ഡി) ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പും ധാരണയായി. 
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണം വാങ്ങുമ്പോള്‍ രണ്ടര ശതമാനം അധികനിരക്ക് ഈടാക്കുന്നതാണ് നിര്‍ത്തുന്നതെന്ന് ഡി.ഇ.ഡി ഉപഭോക്തൃസംരക്ഷ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ലൂത്ത അറിയിച്ചു. ആഗോള വിപണിക്കനുസൃതമായി  ഇലക്ട്രോണിക് വിലനിലവാര ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്ന വിലയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. വിലയില്‍ പെട്ടെന്നുള്ള കയറ്റിറക്കങ്ങള്‍ അടുത്ത തവണ വില മാറ്റുമ്പോള്‍ അഞ്ചു ശതമാനം വ്യതിയാന പരിധിയില്‍ അഡ്ജസ്റ്റ് ചെയ്യാം. 
ദിവസം നാലു തവണ വില പുതുക്കും. രാവിലെ മുതല്‍ ഒമ്പത്, രണ്ട്, അഞ്ച് ,എട്ട് മണിക്കായിരിക്കും വില പുതുക്കി നിശ്ചയിക്കുക. ആഗോള വിലനിലവാരത്തോട് മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കൂട്ടി നിശ്ചയിക്കാന്‍ ജ്വല്ലറികള്‍ക്ക് അനുവാദമുണ്ട്.  18, 21,22, 24 കാരറ്റ് സ്വര്‍ണ വിലകളാണ് ഇതേ ക്രമത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. വഞ്ചിക്കപ്പെടുമെന്ന ഭയമില്ലാതെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ഈ പരിഷ്കാരം വഴിയ സാധിക്കുമെന്നാണ് ഡി.ഇ.ഡി കണക്കുകൂട്ടുന്നത്. 
ആഭരണ വിലക്കൊപ്പം പണിക്കൂലി പ്രത്യേകം ബില്ലില്‍ കാണിക്കണമെന്ന നിര്‍ദേശം പരിഗണിക്കുന്നുണ്ടെന്ന് ലൂത്ത പറഞ്ഞു. ഇതുവഴി ഉപഭോക്താവിന്  സ്വര്‍ണത്തിന്‍െറ വിലയും ഈടാക്കിയ പണിക്കൂലിയും വേര്‍തിരിച്ച് അറിയാന്‍ സാധിക്കും.
പ്രാദേശിക സ്വര്‍ണ, ആഭരണ വ്യവസായത്തിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സ്വര്‍ണ വിലയേക്കാള്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കൂടുതല്‍ ഈടാക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി)മുന്നോട്ടുവെച്ചിരുന്നെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹിദ് അബ്ദുല്ല പറഞ്ഞു. തുടക്കത്തില്‍ 500 ജ്വല്ലറികളിലായിരിക്കും ഇലക്ട്രോണിക് വില നിലവാര ബോര്‍ഡ് സ്ഥാപിക്കുക. ക്രമേണ ദുബൈയിലെ മുഴുവന്‍ ജ്വല്ലറികളിലേക്കും ഇത് വ്യാപിപ്പിക്കും. 
10 ഇഞ്ച് സ്ക്രീനുകള്‍ ജ്വല്ലറികള്‍ക്ക് ഡി.ജി.ജെ.ജി തന്നെ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃത നിയന്ത്രണ സംവിധാനം വഴിയായിരിക്കും വിലയില്‍ മാറ്റം വരുത്തുക. അതുകൊണ്ട് എല്ലാ ഷോറൂമുകളിലും ഒരേ വില ഉറപ്പാക്കാനാകും.
ആവശ്യവും ലഭ്യതയും അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന്‍െറ അന്താരാഷ്ട്ര വില നിര്‍ണയിക്കുന്നത്. 
അതാതിടത്തെ നിരക്കുകളും ചെലവുകളും കണക്കിലെടുത്ത് വിവിധ രാജ്യങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. 
സ്വര്‍ണവുമായി ബന്ധപ്പെട്ട നിരക്കുകളും ചെലവുകളും കുറവായതിനാലും വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാലും ദുബൈയിലാണ് സ്വര്‍ണത്തിന് ഏറ്റവും വിലക്കുറവെന്ന് തൗഹിദ് അബ്ദുല്ല പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT