അല്‍ അഹ്ലിക്ക് തോല്‍വി;  ചൈനീസ് ടീമിന് ഏഷ്യന്‍ കിരീടം

ദുബൈ: ദുബൈയുടെയും യു.എ.ഇയുടെയും കാത്തിരിപ്പും പ്രാര്‍ഥനയൂം വെറുതെയായി. ഏഷ്യാ വന്‍കരയിലെ ചാമ്പ്യന്‍ ഫുട്ബാള്‍ ക്ളബ്ബിനെ കണ്ടത്തൊനുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഫൈനലില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാരായ ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് യു.എ.ഇ ലീഗ് ചാമ്പ്യന്മാരായ ദുബൈ അല്‍ അഹ്ലി ക്ളബ്ബിനെ പരാജയപ്പെടുത്തി. 
ഗ്വാങ്ഷുവിലെ ടിയാന്‍ഹി സ്പോര്‍ട്സ് സെന്‍റര്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ രണ്ടാം പാദ മത്സരത്തില്‍ അവസരങ്ങള്‍ പാഴാക്കിയതാണ് അല്‍ അഹ്ലിക്ക് വിനയായത്. ഇടവേളയില്‍ ആരും ഗോളടിച്ചിരുന്നില്ല. 54ാം മിനിറ്റില്‍ ബ്രസീലുകാരന്‍ സ്ട്രൈക്കര്‍ എല്‍ക്സണ്‍ ആണ് ദുബൈ ടീമിന്‍െറ വലയില്‍ പന്തത്തെിച്ചത്. ജയിക്കാന്‍ സമനില മാത്രം മതിയായിരുന്ന അല്‍ അഹ്ലി അതിനായി ആഞ്ഞുശ്രമിച്ചെങ്കിലും പ്രതിരോധ നിരയിലെ സല്‍മാന്‍ ഖാമിസ് ചുകപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയത് വലിയ തടസ്സമായി.  66ാം മിനിറ്റ് മുതല്‍ 10 കളിക്കാരായി ചുരുങ്ങിയ അല്‍ അഹ്ലി ചുകപ്പ് കാര്‍ഡിന് വലിയ വില നല്‍കേണ്ടിവന്നു. മുന്‍ ബ്രസീല്‍ കോച്ച് ഫിലിപ്പ് സ്കോളാരി പരിശീലിപ്പിക്കുന്ന ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡ് മൂന്നുവര്‍ഷത്തിനിടിയില്‍ രണ്ടാം തവണയാണ്  എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത്. 
അടുത്ത ഫിഫ ലോക ക്ളബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ ഏഷ്യയെ പ്രതിനിധീകരിക്കും. ഈ മാസം ഏഴിന് ദുബൈയില്‍ നടന്ന ആദ്യപാദ ഫൈനലില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനാല്‍ എതിര്‍ടീമിന്‍െറ മൈതാനത്ത് ഗോളടിച്ച് സമനില പാലിച്ചാലും അല്‍ അഹ്ലിക്ക് കിരീടം ലഭിക്കുമായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും രണ്ടു മികച്ച ഷോട്ടുകള്‍ ഗോള്‍ കീപ്പര്‍മാരായ സെങ് ചെങ്ങും മഹ്മൂദും രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ലീഡ് പിടിച്ചെടുത്ത ഗ്വാങ്ഷു ടീം ആക്രമണം കനപ്പിച്ചത് ദുബൈ പ്രതിരോധ നിരയില്‍ ജോലിഭാരം കൂട്ടിയസമയത്താണ് സെന്‍റര്‍ ബാക് സല്‍മാന്‍ ഖാമിസിന് പുറത്തേക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്.  എന്നിട്ടും കളി തീരാന്‍ 13 മിനിട്ട് ബാക്കിനില്‍ക്കെ ബ്രസീല്‍ ജോഡികളായ എവര്‍ട്ടന്‍  റിബെയ്റോയും ലിമയും ചേര്‍ന്ന് നടത്തിയ മികച്ചൊരു മുന്നേറ്റം ചൈനയുടെ അവസാന പ്രതിരോധനിരക്കാരനില്‍ തട്ടി പാളി. 84ാം മിനിട്ടില്‍ അബ്ദുല്‍ അസീസ് സാന്‍ക്വറിന്‍െറ  മികച്ചൊരു ക്രോസ് ലിമക്ക് നേരിയ വ്യത്യാസത്തില്‍ പിടിച്ചെടുക്കാനായില്ല. അവസാന മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് വലയിലത്തെിക്കാന്‍ ഗോള്‍ കീപ്പര്‍ മഹ്മൂദും എതിര്‍ ഗോള്‍മുഖത്തത്തെിയെങ്കിലും ഫലമുണ്ടായില്ല.
ആദ്യമായ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലത്തെിയ ദുബൈ ടീമിന്‍െറ കലാശപ്പോര് കാണാന്‍ നിരവധി പേര്‍ ചൈനയിലത്തെിയിരുന്നു. വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ദുബൈ ടീമും രണ്ടാമത്തെ യു.എ.ഇ ടീമുമാകും അല്‍ അഹ്ലി . 2002-03ല്‍ വിജയിച്ച അല്‍ഐന്‍ എഫ്.സിയാണ് ഏഷ്യന്‍ ക്ളബ് കിരീടം നേടിയ ആദ്യ യു.എ.ഇ ടീം. 2005ല്‍ അവര്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 
ഏഴു തവണ ഗള്‍ഫ് ക്ളബ്ബുകള്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്. സൗദി ടീമുകളായ അല്‍ ഹിലാല്‍ (1991, 1999-–2000), അല്‍ ഇത്തിഹാദ് (2004, 2005), ഖത്തറിലെ അല്‍ സാദ് (1988-89, 2011)ക്ളബ്ബുകള്‍ രണ്ടു തവണ വീതം ചാമ്പ്യന്‍മാരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.