ദുബൈയില്‍ ഒഴിവുള്ള പാര്‍ക്കിങ് സ്ഥലമറിയാന്‍ മൊബൈല്‍ ആപ്പ്  

ദുബൈ: ഒഴിവുള്ള പാര്‍ക്കിങ് സ്ഥലമറിയാന്‍ ഇനി വാഹനവുമായി അലയേണ്ടതില്ല. ആര്‍.ടി.എയുടെ ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്ളിക്കേഷന്‍ തുറന്നാല്‍ വിവരങ്ങള്‍ ഡ്രൈവറുടെ വിരല്‍തുമ്പിലത്തെും. 
ആപ്ളിക്കേഷന്‍െറ നവീകരിച്ച പതിപ്പ് ആര്‍.ടി.എ പുറത്തിറക്കി. ആപ്പിലൂടെ തന്നെ പാര്‍ക്കിങ് ഫീസ് അടക്കാനും സൗകര്യമുണ്ട്. ഇതിന് എസ്.എം.എസ് ചാര്‍ജ് ഈടാക്കില്ല. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കാനും ആപ്പില്‍ സൗകര്യമുണ്ട്. 
ആര്‍.ടി.എയുടെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ദുബൈ മാള്‍ എന്നിവിടങ്ങളിലെ ഒഴിവുള്ള പാര്‍ക്കിങ് സ്ഥലമാണ് ആപ്പിലൂടെ അറിയാന്‍ കഴിയുക. ഭിന്നശേഷിക്കാര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലവും ആപ്പില്‍ തെളിയും. 
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അധിക തുക നല്‍കാതെ തന്നെ പാര്‍ക്കിങ് ഫീസ് അടക്കാന്‍ ആപ്പിലൂടെ കഴിയും. എസ്.എം.എസിലൂടെയും പണമടക്കാം. ഇതിനും അധിക തുക ഈടാക്കില്ല. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ആപ്പിലൂടെ മറ്റ് രജിസ്ട്രേഷന്‍ കൂടാതെ തന്നെ പണം നല്‍കാന്‍ സാധിക്കും. 
പൊതുഅവധി ദിനങ്ങളിലും മറ്റും സൗജന്യ പാര്‍ക്കിങ് സംബന്ധിച്ച അറിയിപ്പ് ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.   
വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ആപ്പിലൂടെ ലഭ്യമാക്കുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ ഏജന്‍സിയാണ് ദുബൈ ആര്‍.ടി.എയെന്ന് കോര്‍പറേറ്റ് ടെക്നോളജി സപോര്‍ട്ട് സര്‍വീസസ് വിഭാഗം സി.ഇ.ഒ അബ്ദുല്ല അല്‍ മദനി പറഞ്ഞു. 
ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡ്രൈവര്‍ ടെസ്റ്റിങിന്‍െറ അംഗീകാരം ഇതിന് ലഭിച്ചിട്ടുണ്ട്. പിഴകള്‍ സംബന്ധിച്ച അന്വേഷണവും പണമടക്കലും, നമ്പര്‍ പ്ളേറ്റ് വാങ്ങല്‍, നഷ്ടപ്പെട്ട ലൈസന്‍സിന് പകരം പുതിയതിന് അപേക്ഷിക്കല്‍, പുതിയ വാഹന രജിസ്ട്രേഷന്‍ കാര്‍ഡിന് അപേക്ഷിക്കല്‍ എന്നിവയും ആപ്പിലൂടെ നടക്കും.

രണ്ട് പുതിയ പാര്‍ക്കിങ് സോണുകള്‍ കൂടി 
ദുബൈ: ദുബൈയില്‍ പുതുതായി രണ്ട് പാര്‍ക്കിങ് സോണുകള്‍ കൂടി തുടങ്ങുമെന്ന് ആര്‍.ടി.എ അറിയിച്ചു. സി, ഡി പാര്‍ക്കിങ് സോണുകളാണ് ഈ വര്‍ഷം തുടങ്ങുക. എ, ബി, ഇ, എഫ് സോണുകളാണ് ഇപ്പോഴുള്ളത്. പുതിയ സോണുകള്‍ തുടങ്ങുന്നതിന്‍െറ മുന്നൊരുക്കങ്ങളുടെ ഭാഗമായി സൂചനാ ബോര്‍ഡുകള്‍ നവീകരിച്ചുവരികയാണ്. 
എ, ബി സോണുകളില്‍ ഉപയോഗിക്കാവുന്ന സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ പുതിയ സോണുകളിലും പ്രവര്‍ത്തിക്കും. ബി വിഭാഗം സീസണല്‍ കാര്‍ഡുകള്‍ ബി, ഡി സോണുകളില്‍ ഉപയോഗിക്കാം. എ വിഭാഗം കാര്‍ഡുകള്‍ എ, ബി, സി, ഡി സോണുകളില്‍ ഉപയോഗപ്പെടുത്താം. കാര്‍ഡുകളുടെ ഫീസ് നിരക്ക് പുറത്തുവിട്ടിട്ടില്ല. റോഡരികിലെ പാര്‍ക്കിങാണ് എ വിഭാഗത്തില്‍ വരിക. അല്ലാത്തവ ബി വിഭാഗത്തിലും. ഫിഷ് മാര്‍ക്കറ്റിലെ പാര്‍ക്കിങ് ഇ വിഭാഗത്തിലും ടീകോം പ്രദേശത്തേത് എഫ് വിഭാഗത്തിലും പെടും. എ, ബി വിഭാഗത്തില്‍ മൂന്നുമാസത്തെ സീസണല്‍ കാര്‍ഡുകളാണ് അനുവദിക്കുന്നത്. മേയ് 28 മുതല്‍ ആറ്, 12 മാസം കാലാവധിയുള്ള കാര്‍ഡുകള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.